കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 8-ന് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ഈ മാസം തന്നെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനമായി. പത്തുവര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളതെന്നും വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്നും നേതൃത്വം വ്യക്തമാക്കി.നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നവരെ പിന്നീട് മറ്റ് പദവികളില്‍ പരിഗണിക്കില്ലെന്ന് കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. നിരീക്ഷകനായ സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നവര്‍ക്ക് സീറ്റ് നല്‍കില്ലെന്നും, അതേസമയം അര്‍ഹതയുണ്ടായിട്ടും മുന്‍കാലങ്ങളില്‍ മാറിനിന്നവരെ ഇത്തവണ പരിഗണിക്കുമെന്നും യോഗം തീരുമാനിച്ചു. ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് തീരുമാനം. സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തിനായി കൂടുതല്‍ സമയം ലഭിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സിറ്റിങ്, സംവരണ മണ്ഡലങ്ങളിലെയും തര്‍ക്കങ്ങളില്ലാത്ത മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെയാണ് ആദ്യപട്ടികയില്‍ പ്രഖ്യാപിക്കുക. പാലക്കാട്, തൃപ്പൂണിത്തുറ ഒഴികെയുള്ള 20 സിറ്റിങ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം.
തദ്ദേശതിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം സീറ്റു മോഹികളുടെ എണ്ണം വര്‍ധിച്ചത് നേതൃത്വത്തിനു മുന്നിലെ പ്രധാന വെല്ലുവിളിയാണ്.സ്വകാര്യ ഏജന്‍സികളുടെ സര്‍വേ ഫലങ്ങളില്‍ മുന്നിലെത്തുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെങ്കിലും, വിജയസാധ്യതയില്‍ സംശയം തോന്നിയാല്‍ മാറ്റങ്ങള്‍ വരുത്തുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മത്സരിച്ചവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ ശക്തമായ ആവശ്യം ഉയര്‍ന്നു. കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. വിജയസാധ്യതയ്ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും മത്സരിച്ച് പരാജയപ്പെടുന്നവര്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ അവകാശവാദമുന്നയിക്കരുതെന്നും കെ.സി. വേണുഗോപാല്‍ യോഗത്തില്‍ നിലപാട് വ്യക്തമാക്കി.
പാര്‍ട്ടിയില്‍ വിമതശല്യം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും കെ.സി. വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും തുല്യമായ അവസരങ്ങളും സ്ഥാനങ്ങളും ഉറപ്പാക്കുമെന്നും വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച വേണുഗോപാല്‍, കേരളത്തില്‍ പിആര്‍ കൊണ്ട് ജീവിക്കുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം ഒരു തെരഞ്ഞെടുപ്പ് വിഷയമാണെന്നും, കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ ഭവനസന്ദര്‍ശനം ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം വിഷയങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സജീവ ചര്‍ച്ചയാകുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ ആഭ്യന്തര തന്ത്രങ്ങളും രാഷ്ട്രീയ നിലപാടുകളും ഈ കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ സജീവ ചര്‍ച്ചയായി.സംസ്ഥാന വ്യാപകമായി ഭവന സന്ദര്‍ശനംഅതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ കെപിസിസി നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി, ഈ മാസം 20 മുതല്‍ 28 വരെ സംസ്ഥാന വ്യാപകമായി ഭവനസന്ദര്‍ശനം നടത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ലഘുലേഖകള്‍ വിതരണം ചെയ്യാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നു.ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും ഭവനസന്ദര്‍ശനം നടക്കുക. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം നേതാക്കളും ഭവനസന്ദര്‍ശന പരിപാടിയുടെ ഭാഗമാകും.
പ്രചാരണ തന്ത്രങ്ങളുടെ ഭാഗമായി, അന്തിമ വോട്ടര്‍ പട്ടിക സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് കെപിസിസി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എസ്‌ഐആറില്‍ പുറത്തായവരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍വാഹക സമിതി ആവശ്യപ്പെട്ടു.തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ വിജയം നേടാന്‍ കഴിഞ്ഞതിന് പിന്നില്‍, സംസ്ഥാന വ്യാപകമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ കാണിച്ച ജാഗ്രത ഒരു പ്രധാന കാരണമായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഈ അനുഭവം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രയോജനപ്പെടുത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

















