കെപിസിസി പുനസംഘടനയിൽ കോട്ടയം ജില്ലയ്ക്ക് വമ്പൻ പ്രാതിനിധ്യം. ആറ് പേരാണ് കെപിസിസി ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ കോട്ടയം ജില്ലയിൽ നിന്ന് ഇടം പിടിച്ചിട്ടുള്ളത്. മുൻപ് കേവലം രണ്ട് പേർ മാത്രം ഉണ്ടായിരുന്നതാണ് അധികമായി നാലുപേർ കൂടി പട്ടികയിൽ ഉൾപ്പെട്ടത്. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നോക്കിയാൽ തിരുവഞ്ചൂർ വിഭാഗത്തിനാണ് കൂടുതൽ പ്രാതിനിധ്യം ലഭിച്ചിട്ടുള്ളത്.
ഭാരവാഹികളുടെ പട്ടികയും/ഗ്രൂപ്പും
- പി എ സലിം – തിരുവഞ്ചൂർ രാധാകൃഷ്ണൻ
- ജോസി സെബാസ്റ്റ്യൻ – കെ സി വേണുഗോപാൽ
- ഫിൽസൺ മാത്യു – തിരുവഞ്ചൂർ രാധാകൃഷ്ണൻ
- ഫിലിപ്പ് ജോസഫ് – രമേശ് ചെന്നിത്തല
- ടോമി കല്ലാനി – വി എം സുധീരൻ
- ജോഷി ഫിലിപ്പ് – കെ സി ജോസഫ്
പി എ സലിമും ജോസി സെബാസ്റ്റ്യനും മാത്രമാണ് മുൻപുണ്ടായിരുന്ന കമ്മിറ്റിയിൽ കെപിസിസി ജനറൽ സെക്രട്ടറിമാരായിരുന്ന നേതാക്കൾ. പുതുതായി പട്ടികയിൽ ഉൾപ്പെട്ട നാലു പേരിൽ ടോമി കല്ലാനിയും ജോഷി ഫിലിപ്പും കോട്ടയം ജില്ലയുടെ മുൻ ഡിസിസി അധ്യക്ഷന്മാരാണ്. ഫിൽസൺ മാത്യു നിലവിൽ കോട്ടയം ജില്ലയിലെ യുഡിഎഫ് കൺവീനർ ആണ്. ഫിലിപ്പ് ജോസഫ് ഐഎൻടിയൂസി കോട്ടയം ജില്ലാ അധ്യക്ഷനും കെപിസിസി മുൻ സെക്രട്ടറിയുമാണ്.

















