ഉമ്മന്‍ചാണ്ടിക്കൊപ്പം വലംകൈയായി നിന്ന് പയറ്റിത്തെളിഞ്ഞ നേതാവാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇടതുമുന്നണിയുടെ സിറ്റിംഗ് മണ്ഡലങ്ങളിൽ നിന്നാണ് തിരുവഞ്ചൂർ നിയമസഭയിലേക്ക് വിജയിച്ചു കയറിയിട്ടുള്ളത്. മികച്ച ജനകീയ ഇടപെടലുകളുടെ ആനുകൂല്യത്തിൽ ഓരോ തവണയും ഭൂരിപക്ഷം വർദ്ധിപ്പിച്ചതും ചരിത്രം. ആഭ്യന്തര റവന്യൂ ഗതാഗത മന്ത്രി എന്ന നിലയിലും മികച്ച പ്രവർത്തനം തന്നെയാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.
ചട്ടവും നയങ്ങളും എടുത്തു പറഞ്ഞ് ഭരണപക്ഷത്തെ എംഎല്‍എ കുടിയാണ് അദ്ദേഹം. ഇന്ന് കേരള നിയമസഭയിലെ കോൺഗ്രസിന്റെ ഒരു തുറുപ്പുചീട്ട് തന്നെയാണ് തിരുവഞ്ചൂർ. കോൺഗ്രസ് എംഎൽഎമാരിൽ സീനിയോറിറ്റിയിലും ഒന്നാമൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയാണ്. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹം നടത്തിയ നിർണായ ഇടപെടലുകൾ പല പ്രതിസന്ധിഘട്ടങ്ങളിലും കോൺഗ്രസ് പാർട്ടിക്ക് സംരക്ഷണം ഒരുക്കിയിരുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും തിരുവഞ്ചൂരിനെതിരെ പാർട്ടിയിൽ ചിലർ ചരട് വലികൾ നടത്തുന്നുണ്ട്. ഇത്തരം ചില ഇടപെടലുകളുടെ ഫലമായിട്ടാണ് തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ നയരൂപീകരണത്തിനും പാർട്ടി പ്രവർത്തനങ്ങളുടെ മാർഗം നിർദേശത്തിനും രൂപീകരിച്ച കോർ കമ്മിറ്റിയിൽ നിന്ന് അദ്ദേഹം ഒഴിവാക്കപ്പെട്ടത്. ബെന്നി ബഹനാനെയും എം കെ രാഘവനെയും ഉൾപ്പെടുത്തി കോർ കമ്മറ്റിയുടെ പുനസംഘടനയെ കുറിച്ച് ചർച്ചകൾ നടക്കുന്ന ഘട്ടത്തിലും തിരുവഞ്ചൂരിന്റെ പേര് പരിഗണിക്കാത്തതിന് ചില കേന്ദ്രങ്ങളുടെ പിടിവാശി ആണെന്നാണ് അറിയാൻ കഴിയുന്നത്.
തിരുവഞ്ചൂരിനോളം തന്നെ സീനിയർ ആയ, എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് ഇല്ലാത്ത കോട്ടയം സ്വദേശിയായ നേതാവാണ് ഈ നീക്കങ്ങൾക്ക് പിന്നിൽ എന്നും റിപ്പോർട്ടുകൾ ഉണ്ട്. തനിക്കില്ലെങ്കിൽ തിരുവഞ്ചൂരിനും വേണ്ട എന്നാണ് ഇദ്ദേഹത്തിൻ്റെ നിലപാട്. തിരുവഞ്ചൂരിനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിനെ എ ഗ്രൂപ്പിനെ മുന്നിൽ നിന്ന് എതിർക്കുന്നത് ഇദ്ദേഹമാണ്.
നഷ്ടം കോൺഗ്രസിന്
ചിലരുടെ കേവലമായ ഈഗോ മുന്നിൽ നിർത്തി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒഴിവാക്കുമ്പോൾ കോൺഗ്രസിന് നഷ്ടമാകുന്നത് പതിറ്റാണ്ടുകളുടെ മൂർച്ചയുള്ള കർമ്മ കുശലതയും, രാഷ്ട്രീയ ഉൾക്കാഴ്ചകളുമാണ്. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിനും അഗ്രഗണ്യനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോർ കമ്മിറ്റിയിൽ ഉണ്ടാവാതെ പോകുന്നത് കോൺഗ്രസിന് ആത്യന്തികമായ നഷ്ടമാണ്. സമുദായ നേതൃത്വങ്ങളുമായുള്ള ഇദ്ദേഹത്തിന്റെ ഊഷ്മളമായ ബന്ധങ്ങളും കോൺഗ്രസ് നയരൂപീകരണത്തിൽ നിർണായകമായ പങ്കുവഹിക്കേണ്ട ഘടകങ്ങളാണ് എന്നാൽ ഇതെല്ലാം ഉള്ളപ്പോഴും തിരുവഞ്ചൂർ എന്ന മികച്ച നേതാവിന് കോൺഗ്രസ് പാർട്ടിക്കുള്ളിൽ പോലും ഇത്തരം എതിർപ്പ് നേടിയ നേരിടേണ്ടി വരുന്നത് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ് (ഗ്രൂപ്പുകൾ അപ്രസക്തമായ ഈ കാലത്ത്) എന്നതും യാഥാർത്ഥ്യം.

















