ബി.എം.ഡബ്ലി.യു കാർ വില്പനയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിച്ച യൂസ്ഡ് കാർ ഷോപ്പ് ഉടമ പനവൂർ വെള്ളംകുടി മുള്ളുവിള ഹൗസില്‍ എസ്.ആസിഫ് ഷായെ (28) നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തു.പനവൂർ വെള്ളംകുടി റീജ മൻസിലില്‍ മുഹമ്മദ് റിയാസിന്റെ പരാതിയിലാണ് അറസ്റ്റ്.
പനവൂരില്‍ പ്രീമിയം ഗാരേജ് എന്ന യൂസ്ഡ് കാർ ഷോപ്പ് നടത്തുന്ന ആസിഫ്ഷാ, ബി.എം.ഡബ്ലി.യു കാർ കൊടുക്കാനുണ്ടെന്ന് പറഞ്ഞ് 8,40 ലക്ഷം രൂപ വില സമ്മതിച്ച് 7,40 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി.2025 ഏപ്രില്‍ 16നാണ് ഇടപാട് നടന്നത്.
കാർ വാങ്ങിയ മുഹമ്മദ് റിയാസ് ഓണർഷിപ്പ് ഡല്‍ഹി സ്വദേശിയാണെന്ന് മനസിലാക്കി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഓണർഷിപ്പ് മാറ്റിത്തരാമെന്ന് സമ്മതിച്ച പ്രതി മാസങ്ങള്‍ക്ക് ശേഷം കാറുമായി മുങ്ങിയെന്നാണ് കേസ്. കാറോ പണമോ തിരികെ നല്‍കാതെ ഇയാള്‍ പറ്റിക്കുകയായിരുന്നെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു. കാറിന്റെ ഉടമസ്ഥനെ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















