ടിക് ടോക്കിലെ തർക്കം പുറത്തേക്ക് നീണ്ടതിന് പിന്നാലെ ഷാർജയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു.കണ്ണൂർ മാട്ടൂല്‍ സ്വദേശി ഇസ്മായില്‍ പൊന്നൻ ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാല് പേർക്ക് എതിരെയാണ് അന്വേഷണം.
പ്രവാസി മലയാളികള്‍ക്ക് അത്ര അപരിചിതമല്ലാത്ത ഒരു തർക്കമാണ് കണ്ണൂർ സ്വദേശിയുടെ ജീവനെടുത്തത്. ടിക് ടോക്കില്‍ ലൈവില്‍ ചേരിതിരിഞ്ഞ് തർക്കവും തെറിവിളിയും ഭീഷണിയും അസഭ്യ ഇടപെടലുകളുമാണ് നേരില്‍ കണ്ട് ഏറ്റുമുട്ടാമെന്ന നിലയിലേക്കെത്തിയത്. ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അല്‍ നഹ്ദയില്‍ ഇസ്മായില്‍ പൊന്നൻ എത്തുകയായിരുന്നു എന്നാണ് സൂചന.
ഇത് തമ്മിലുള്ള തർക്കത്തിലേക്കും അടിയിലേക്കും കുത്തിലേക്കും എത്തിയെന്ന് സംഭവത്തെ കുറിച്ചറിയുന്നവർ പറയുന്നു. ദൃശ്യങ്ങള്‍ ഷാർജ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായില്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. വർഷങ്ങളായി ദുബായില്‍ ജോലി ചെയ്യുകയായിരുന്നു നാല്‍പതു വയസ്സുള്ള ഇസ്മായില്‍ പൊന്നൻ. ഭാര്യയും മക്കളും നാട്ടിലാണ്. സഹോദരനും ദുബായിലുണ്ട്.
ടിക് ടോക്കില്‍ വെല്ലുവിളി നടത്തിയ കൊല്ലം സ്വദേശിയാണ് കേസിലെ മുഖ്യ പ്രതിയെന്നാണ് സൂചന. ഇയാളടക്കം നാലുപേർ കസ്റ്റഡിയിലാണ്. അല്‍ ഖാസ്മിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂർത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകും.

















