പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി ഗർഭിണി മരിച്ച സംഭവത്തില്‍ ഭർത്താവായ രജിൻലാലിനെതിരെ പോലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കാൻ ഒരുങ്ങി കുടുംബം.ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രാവിലെ രംഗത്തുവന്നിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെങ്കില്‍ കാർ ഇത്തരത്തില്‍ കത്തില്ലെന്നും മനഃപൂർവം കത്തിച്ചതുപോലെയാണ് തോന്നുന്നതെന്നും മരിച്ച സോനയുടെ അമ്മാവൻ എ.കെ. സത്യൻ പ്രതികരിച്ചു.

കാറിനുള്ളില്‍ മാരകമായ എന്തോ വെച്ചിട്ടുണ്ടായിരുന്നു എന്നാണ് കരുതുന്നത്. എന്തുകൊണ്ടാണ് സോനയെ മുൻസീറ്റില്‍ ഇരുത്താതെ പിന്നില്‍ ഇരുത്തിയത്? അപകടത്തില്‍ കുടുംബത്തിലുള്ളവർക്കെല്ലാം സംശയമുണ്ട്. രജിൻലാലിന്റെ നാട്ടുകാരും സമാന സംശയം ഉന്നയിച്ചെന്നും അദ്ദേഹം ആരോപിച്ചു. രജിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്ന അറിവ് മാത്രമേ തങ്ങള്‍ക്കുള്ളൂവെന്നും സത്യൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടമുണ്ടായപ്പോള്‍ തോട്ടില്‍ ചാടി രക്ഷപ്പെടാനാണ് രജിൻ ശ്രമിച്ചത്. പിന്നിലെ ഡോർ തുറന്നില്ല. കാറിനുള്ളില്‍ മറ്റൊരാള്‍ ഉള്ളതായും രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരോട് പറഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരണം.

‘സോനയും രജിൻലാലും തമ്മിലുള്ളത് പ്രണയ വിവാഹമായിരുന്നു. രജിൻലാല്‍ ഗള്‍ഫില്‍ ഉള്ളപ്പോഴാണ് ഇരുവരും സാമൂഹികമാധ്യമങ്ങളിലൂടെ അടുത്തത്. വിവാഹത്തിന് ഇരുവരും തയ്യാറെടുക്കുകയും ചെയ്തു. എന്നാല്‍, ഇതിനിടെ രജിൻ മറ്റൊരു യുവതിയുമായി ബന്ധത്തിലായി. ആ യുവതിയെ വിവാഹം കഴിക്കാൻ രജിൻ തീരുമാനിച്ചു.

ഇതറിഞ്ഞ സോന വടകര റെയില്‍വേ സ്റ്റേഷന് സമീപമെത്തി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാൻ വരെ ശ്രമിച്ചിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനില്‍വെച്ച്‌ നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് സോനയെ വിവാഹം കഴിക്കാമെന്ന് രജിൻ ഉറപ്പ് നല്‍കിയത്. പക്ഷെ, വിവാഹത്തോട് ഇരുവീട്ടുകാർക്കും എതിർപ്പായിരുന്നു. എന്നാല്‍, 2023-ല്‍ സോനയും രജിനും വിവാഹം റജിസ്റ്റർ ചെയ്യുകയായിരുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുവണ്ണൂർ കക്കറമുക്ക് റോഡില്‍ വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് കാർ കത്തിയമർന്നത്. കോഴിക്കോട്ടെ ആശുപത്രിയില്‍ പോയശേഷം തിരികെ വീട്ടിലേക്കുള്ള വഴിയില്‍ ചെറുവണ്ണൂരില്‍നിന്ന് കക്കറമുക്ക് റോഡിലേക്ക് കടന്ന ഉടനെ വയല്‍പ്രദേശത്ത് ഒതയോത്തുതാഴെ ഭാഗത്താണ് കാർ കത്തിയത്. ഇവിടെനിന്ന്‌ രണ്ടുകിലോമീറ്റർ ദൂരമേ വീട്ടിലെത്താൻ ഉണ്ടായിരുന്നുള്ളൂ.

കക്കറമുക്ക് റോഡില്‍ വയല്‍പ്രദേശത്തെ തോട്ടിനരികെയാണ് സംഭവം ഉണ്ടായതെന്നതിനാല്‍ ഓടിക്കൂടിയ നാട്ടുകാർക്ക് തീകെടുത്താൻ സഹായമായി. വലിയ സ്ഫോടനശബ്ദം കേട്ട് ഓടിയെത്തുമ്പോള്‍ കാർ ആളിക്കത്തുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തില്‍ പങ്കാളിയായ സമീപ വീട്ടുകാർ നേരത്തേ പറഞ്ഞിരുന്നു.

നാട്ടുകാർ എത്തുമ്പോഴേക്കും രജിൻലാല്‍ കാറില്‍നിന്ന്‌ ചാടി പുറത്തിറങ്ങിയിരുന്നു. കൈയുയർത്തി രക്ഷിക്കണമെന്ന് വിളിക്കുന്നുണ്ടായിരുന്നു. ശരീരത്തിലെ വസ്ത്രങ്ങളില്‍ പടർന്ന തീ കത്തിക്കൊണ്ടിരുന്നതിനാല്‍ സമീപത്തെ തോട്ടിലേക്ക് ചാടി രജിൻലാല്‍തന്നെ കെടുത്തുകയായിരുന്നു. പിന്നാലെ സമീപത്തെ വീട്ടുകാരെല്ലാം ബക്കറ്റുമായെത്തി തോട്ടില്‍നിന്ന്‌ വെള്ളംമുക്കി ഒഴിച്ച്‌ അഗ്നിരക്ഷാസേന എത്തുംമുൻപ്‌ തീക്കെടുത്തി.

കാറില്‍ ഒരാള്‍കൂടിയുണ്ടെന്ന് ആദ്യം രക്ഷാപ്രവർത്തകർക്ക് മനസ്സിലായില്ല. പിൻസീറ്റില്‍ കിടക്കുകയായിരുന്നു സോന. ഇവരുടെ മുകളിലേക്ക് കാറിന്റെ മുകള്‍ഭാഗം അടർന്നുവീഴുകയും ചെയ്തിരുന്നു. അതിനാല്‍ പുറത്തുനിന്നുള്ളവർക്ക് പെട്ടെന്ന് കാണാൻ കഴിയില്ലായിരുന്നു. കാറിന്റെ പിൻവാതില്‍ ലോക്കായിരുന്നതിനാല്‍ ഏറെ നേരം പരിശ്രമിക്കേണ്ടിവന്നു. ചില്ലുപൊട്ടിച്ചാണ് ബെഡ്ഷീറ്റില്‍ കിടത്തിയാണ് പുറത്തെടുത്തത്. അപ്പോഴും സോനയ്ക്ക് ജീവനുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്.

ഫൊറൻസിക് സംഘവും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് കോഴിക്കോട് ജില്ലാ ഫൊറൻസിക് യൂണിറ്റില്‍നിന്നുള്ള സയന്റിഫിക് സംഘം കാർ പരിശോധിച്ച്‌ സാമ്പിളുകള്‍ ശേഖരിച്ചത്. കാറിന്റെ ഉള്‍വശംമാത്രമാണ് പൂർണമായി കത്തിയമർന്നത്. ബോണറ്റിന്റെ എൻജിൻ ഭാഗം കത്തിയിട്ടില്ലെന്നതും പരിശോധനയില്‍ കണ്ടെത്തി. ബോണറ്റിനുള്ളിലേക്ക് തീപടർന്നിട്ടുമില്ല.

അതിനാല്‍ തീപ്പിടിത്തം എങ്ങനെയുണ്ടായെന്നതിനെക്കുറിച്ച്‌ വ്യക്തത വന്നിട്ടില്ല. ഫൊറൻസിക് പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂവെന്ന് മേപ്പയ്യൂർ പോലീസ് പറഞ്ഞു. കാർ കത്തിത്തുടങ്ങുന്ന സമയത്ത് വലിയ സ്‌ഫോടനശബ്ദം കേട്ടതായി സമീപവാസികള്‍ പറയുന്നുണ്ട്. ഇതെങ്ങനെയുണ്ടായതാണെന്നതും വ്യക്തമല്ല. കത്താതെ ശേഷിച്ച തുണികള്‍, ബാഗിന്റെ അവശിഷ്ടം, മൊബൈല്‍ഫോണ്‍, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാംപിള്‍ തുടങ്ങിയവ പരിശോധനയ്ക്കായി കൊണ്ടുപോയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക