മലയാളത്തിലെ പുതിയ വാർത്താ ചാനലായ ബിഗ് ടിവിയുടെ വരവോടെ ഉണ്ടായ മാധ്യമ പ്രവർത്തകരുടെ കൂടുമാറ്റത്തിനിടെ പുതിയ ടിസ്റ്റ്. ന്യൂസ് 18 കേരളത്തില്‍ നിന്ന് ന്യൂസ് മലയാളം 24×7 ചാനലിലേക്ക് പോകാനിറങ്ങിയ അവതാരക ശ്രീജ ശ്യാം അവസാന നിമിഷം മാതൃഭൂമി ന്യൂസിലേക്ക് പോയതാണ് ടിസ്റ്റ്.ന്യൂസ് 18 കേരളത്തിലെ ശ്രീജയുടെ ശമ്പളം നിലവിലുളള ജീവനക്കാരുടെ സാലറി സ്കെയിലിനെക്കാള്‍ കടന്നതാണെങ്കിലും ലക്ഷ്മി പത്മയും മറ്റും പോയ ഒഴിവ് നികത്താനാണ് അവരെ എടുക്കാൻ ന്യൂസ് മലയാളം തീരുമാനിച്ചത്.ന്യൂസ് 18 കേരളത്തില്‍ 1.35ലക്ഷം രൂപ ലഭിച്ചുകൊണ്ടിരുന്ന ശ്രീജക്ക്, പതിനയ്യായിരം രൂപ അധികം കൊടുത്താണ് ന്യൂസ് മലയാളത്തിലേക്ക് കൊണ്ടുവരാൻ മാനേജുമെൻറ് ധാരണയിലെത്തിയത്.
ന്യൂസ് മലയാളത്തിൻെറ ഓഫർലെറ്റർ സ്വീകരിച്ച ശ്രീജ ന്യൂസ് 18കേരളത്തില്‍ രാജിയും സമർപ്പിച്ചിരുന്നു. കുടുംബം തിരുവനന്തപുരത്ത് ആയതിനാല്‍ തലസ്ഥാനം വിടാൻ ശ്രീജക്ക് മടിയുണ്ടായിരുന്നു.തിരുവനന്തപുരത്ത് തന്നെ ന്യൂസ് ഡസ്ക് ഉളള സ്ഥാപനം എന്നനിലയിലാണ് മാതൃഭൂമി ന്യൂസില്‍ സാധ്യതയുണ്ടോയെന്ന് ആരാഞ്ഞത്.മാതൃഭൂമി സാഹിത്യോത്സവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന മാനേജിങ്ങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാറിനെ നേരിട്ടുകണ്ട ശ്രീജ, ചാനലിലേക്ക് തിരിച്ചുവരാൻ സാധ്യതയുണ്ടോയെന്ന് തിരക്കി.ചാനല്‍ വിട്ട് മറ്റൊരു ചാനലില്‍ പോയവരെ അപൂർവമായി മാത്രം തിരിച്ച് എടുത്തിട്ടുളള ചരിത്രമുളള മാതൃഭൂമി ന്യൂസ് അത്തരം പിടിവാശികളെല്ലാം മാറ്റിവെച്ച് ശ്രീജയെ തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
മാനേജിങ്ങ് ഡയറക്ടറെ നേരിട്ട് സമീപീച്ചതോടെയാണ് മറ്റൊരു ചാനലില്‍ പോയയാളെ തിരിച്ചെടുക്കില്ലെന്ന തീരുമാനം മാറ്റിയെഴുതിയത്.പ്രധാന അവതാരക മാതുസജി ചാനല്‍ വിട്ട ക്ഷീണത്തില്‍ നിന്നിരുന്ന മാതൃഭൂമി ന്യൂസിന് ഇത്തരം വിട്ടുവീഴ്ചകളില്ലാതെ ചാനല്‍ മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകില്ല എന്നതും പോയവരെ തിരിച്ചെടുക്കില്ലെന്ന ശാഠ്യം മാറ്റാാൻ പ്രേരണയായി. ന്യൂസ് 18 കേരളത്തിലെ ശമ്പളം ലഭിച്ചെങ്കിലും അതേ പോസ്റ്റ് ശ്രീജക്ക് മാതൃഭൂമി ന്യൂസില്‍ ലഭിച്ചിട്ടില്ല. നിലവിലുളള സാലറി സ്ട്രക്ചർ അട്ടിമറിച്ചും ശ്രീജയെ ചാനലില്‍ എത്തിക്കാൻ ശ്രമിച്ച ന്യൂസ് മലയാളത്തിന് ഈ തിരുമാനം കനത്ത അടിയായി.








