സ്ത്രീകള്‍ക്കായുള്ള ആരോഗ്യ-ശുചിത്വ പദ്ധതിയുടെ ഭാഗമായി വലിയ ചെലവില്‍ വാങ്ങിയ മെൻസ്ട്രല്‍ കപ്പുകളുടെ വിതരണം കാര്യക്ഷമമായി നടക്കാത്തതായി ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു.1.77 കോടി രൂപ ചെലവഴിച്ച് വാങ്ങിയ 59,338 കപ്പുകളില്‍ 90 ശതമാനത്തിലധികവും വിതരണം ചെയ്യാതെ കിടക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മൂന്ന് മാസത്തിനിടെ 6,000ല്‍ താഴെ മാത്രമാണ് വിതരണം നടന്നത്. ആകെ കപ്പുകളില്‍ 53,594 എണ്ണം വിതരണം ചെയ്യാതെയാണ് ശേഷിക്കുന്നത്. വിതരണത്തില്‍ വീഴ്ച വന്ന കാര്യം നിർവഹണ ഉദ്യോഗസ്ഥരും അംഗീകരിച്ചതായി റിപ്പോർട്ടില്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ സ്കൂള്‍, കോളജ് വിദ്യാർഥിനികള്‍, സർക്കാർ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഇത് “നഗരപരിധിയിലെ സ്ത്രീകള്‍” എന്ന രീതിയില്‍ മാറ്റി. ഈ മാറ്റവും വ്യക്തമായ പദ്ധതി അഭാവവും വിതരണത്തെ ബാധിച്ചതായി ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.എച്ച്‌എല്‍എല്ലില്‍ നിന്നാണ് 1.77 കോടി രൂപയ്ക്ക് കപ്പുകള്‍ വാങ്ങിയത്. 2025 ഏപ്രില്‍ 30നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ തുടർന്ന് വെറും മൂന്ന് മാസങ്ങള്‍ മാത്രമാണ് വിതരണം നടന്നത്. 2024 മാർച്ചില്‍ നിർമ്മിച്ച ഈ കപ്പുകള്‍ക്ക് 2029 ഫെബ്രുവരി വരെയാണ് കാലാവധി.
ഓരോ വാർഡിലും 438 കപ്പുകള്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ 15 വാർഡുകളിലായി 5,744 കപ്പുകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇതിലൂടെ പദ്ധതി ലക്ഷ്യപ്രാപ്തി കൈവരിക്കാനായില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.ആരോഗ്യ-ശുചിത്വ മേഖലയിലെ മറ്റു പദ്ധതികളിലും വീഴ്ചകള്‍ ഉണ്ടായതായി റിപ്പോർട്ട് പറയുന്നു. നഗരത്തില്‍ സ്ഥാപിച്ച ഇരട്ട ബിൻ പദ്ധതിയില്‍ 5.96 ലക്ഷം രൂപയുടെ അധിക ചെലവ് വന്നിട്ടുണ്ട്.
1.5 കോടി രൂപയുടെ പദ്ധതിയില്‍ വിതരണ ഏജൻസിയെ തന്നെ ബിൻ സ്ഥാപിക്കാൻ നിർദേശിച്ചിരുന്നുവെങ്കിലും അത് നടപ്പാക്കിയില്ല. പിന്നീട് വേറെ ടെൻഡർ വിളിച്ച് സ്ഥാപനം നടത്തിയതോടെയാണ് അധിക ചെലവ് ഉണ്ടായത്.ബിന്നുകള്‍ എവിടെ സ്ഥാപിക്കണം എന്നതില്‍ പോലും മുൻകൂർ പഠനം നടത്തിയില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തല്‍. ആസൂത്രണത്തിലെ പിഴവുകള്‍ മൂലം പദ്ധതികള്‍ ലക്ഷ്യത്തിലെത്തിയില്ലെന്നും സാമ്പത്തിക നഷ്ടമുണ്ടായെന്നും ഓഡിറ്റ് റിപ്പോർട്ട് കുറ്റപ്പെടുത്തി.
വലിയ തുക ചെലവഴിച്ചിട്ടും ഫലപ്രാപ്തി കൈവരിക്കാത്ത പദ്ധതികള്‍ ഭരണ സംവിധാനങ്ങളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നു. ഭാവിയില്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് വ്യക്തമായ പഠനവും കൃത്യമായ നടപ്പാക്കലും അനിവാര്യമാണെന്നതാണ് ഈ റിപ്പോർട്ട് നല്‍കുന്ന പ്രധാന സന്ദേശം.









