കാസർഗോഡ് പതിനാറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി സ്നേഹ മെർലിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇരയായ പെണ്‍കുട്ടിക്കും സഹോദരിക്കും സ്നേഹ മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതുവഴി സഹോദരിയെയും പ്രതി ലക്ഷ്യമിട്ടതയാണ് പോലീസ് സംശയിക്കുന്നത്. ഒളിവില്‍ പോയ സ്നേഹ മെർലിനെ കണ്ടെത്തുന്നതിന് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ലഹരി കേസില്‍ ജയിലിലായ പെണ്‍കുട്ടിയുടെ അമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് സ്നേഹ വിശ്വാസ്യത നേടിയെടുത്തത്. കള്ളക്കേസില്‍ പെട്ട് അകത്ത് വന്നതാണെന്ന് വിശ്വസിപ്പിച്ചിരുന്നു. അതേസമയം മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ പെണ്‍കുട്ടിയെ വീണ്ടും കൗണ്‍സിലിംഗിന് വിധേയമാക്കാനാണ് പോലീസിൻ്റെ തീരുമാനം.കേസില്‍ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ലഹരിക്കേസില്‍ അകപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ മാതാവുമായുള്ള സൗഹൃദമാണ് സ്‌നേഹ മെര്‍ലിനെ ഈ കുടുംബത്തിലേക്ക് എത്തിക്കുന്നത്. മാതാവ് വഴി കുടുംബത്തിന്റെ വിശ്വാസ്യത നേടിയെടുത്തു. പീഡനത്തിനിരയായ പെണ്‍കുട്ടിക്കും സഹോദരിക്കും സ്നേഹ മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്തിരുന്നു.
തന്റെ കുടുംബത്തെ സ്‌നേഹ മെര്‍ലിന്‍ ചൂഷണം ചെയ്യുന്നതായുംകുട്ടികള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കി വഴിതെറ്റിക്കുന്നതായും ചൂണ്ടിക്കാട്ടി പോക്‌സോ കേസില്‍ അറസ്റ്റിലാവുന്നതിന് നാല് ദിവസം മുമ്പ് പിതാവ് മേല്‍പ്പറമ്പ് പൊലീസില്‍ നേരിട്ടെത്തി പരാതി നല്‍കിയതായി പറയപ്പെടുന്നു. എന്നാല്‍ സ്‌നേഹ മെര്‍ലിനെ സംരക്ഷിക്കുന്ന രീതിയിലാണ് പൊലീസ് പെരുമാറിയതെന്നും, പരാതി സ്വീകരിച്ചെങ്കിലും റെസീപ്റ്റ് നല്‍കാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എസ്.പി ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയ ശേഷമാണ് റെസീപ്റ്റ് നല്‍കാന്‍ തയ്യാറായതെന്നും കുടുംബം ആരോപിച്ചു

















