കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തമ്മിലുള്ള അധികാരത്തർക്കങ്ങളും സർവകലാശാലാ വിവാദങ്ങളും നിയമപോരാട്ടങ്ങളായി മാറുമ്പോള്‍ സംസ്ഥാന ഖജനാവിന് ഭീമമായ ബാധ്യത. സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകരെ കേസ് നടത്താൻ പുറമേനിന്ന് നിയോഗിച്ചതിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ പിണറായി വിജയൻ സർക്കാർ ചെലവഴിച്ചത് 44.48 കോടി രൂപ. 2016 മുതല്‍ 2026 വരെയുള്ള കാലയളവിലെ കണക്കാണിത്.
വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് സർക്കാരില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഖജനാവില്‍ നിന്നുള്ള ഈ കോടികളുടെ ഒഴുക്കിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായ ചെലവിനേക്കാള്‍ നാലിരട്ടിയോളമാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ എല്‍.ഡി.എഫ് സർക്കാർ അഭിഭാഷകർക്കായി മാത്രം നല്‍കിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 11.24 കോടി രൂപയാണ് ഈ ഇനത്തില്‍ ചെലവഴിച്ചിരുന്നത്.
പ്രധാന തർക്കങ്ങളും കേസുകളും:
- നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവർണർ ഒപ്പിടാൻ വൈകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങള്‍.
- സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള അനുമതി കേന്ദ്രം നിഷേധിച്ചതിനെതിരെയുള്ള നിയമപോരാട്ടം.
- സംസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച വിവിധ രാഷ്ട്രീയ കൊലപാതക കേസുകളുടെ നടത്തിപ്പ്.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയില്‍ പുറമേ നിന്നുള്ള അഭിഭാഷകരെ നിയോഗിക്കുന്നത് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഏതാനും കേസുകളില്‍ മാത്രമാണ് പുറത്തുനിന്നുള്ളവർ ഹാജരായത്. ഇവർക്കായി 17.05 ലക്ഷം രൂപ മാത്രമാണ് നല്‍കേണ്ടി വന്നത്. എന്നാല്‍ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയില്‍ പുറമേ നിന്നുള്ള അഭിഭാഷകർക്കായി 6.31 കോടി രൂപ ചെലവഴിച്ചിരുന്നു.
സ്വന്തം അഭിഭാഷകപ്പടയ്ക്ക് മാസം 2.03 കോടി ശമ്പളം:
പുറമേനിന്നുള്ള മുതിർന്ന വക്കീലന്മാർക്ക് നല്‍കുന്ന കോടികള്‍ക്ക് പുറമെ, സർക്കാരിന് സ്ഥിരമായി വലിയൊരു നിയമസംവിധാനം തന്നെയുണ്ട്. ഹൈക്കോടതിയിലും സുപ്രിംകോടതിയിലുമായി കേസുകള്‍ നടത്തുന്നതിന് 144 അഭിഭാഷകരെയാണ് സർക്കാർ നിയമിച്ചിട്ടുള്ളത്. ഇവർക്ക് മാത്രമായി മാസം തോറും ശമ്പള ഇനത്തില്‍ ഖജനാവില്‍ നിന്ന് നല്‍കുന്നത് 2.03 കോടി രൂപയാണ്. സ്വന്തമായി ഇത്രയും വിപുലമായ നിയമസംവിധാനവും സർക്കാർ അഭിഭാഷകരും ഉള്ളപ്പോഴാണ്, പ്രധാന കേസുകളില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന പുറത്തുനിന്നുള്ള മുതിർന്ന അഭിഭാഷകരെ സർക്കാർ ആശ്രയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.





