മുംബൈ വിമാനത്താവളത്തില്‍ 11.82 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയില്‍. ബാങ്കോക്കില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 11 കിലോ ഹൈഡ്രോ പോണിക് കഞ്ചാവുമായി വയനാട് സ്വദേശിനിയാണ് കസ്റ്റംസ് പിടിയിലായത്. 2025 മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണര്‍ അപ്പായ മാനന്തവാടി പുതുശ്ശേരി സ്വദേശി ഹര്‍ഷ സണ്ണി (28) ആണ് അറസ്റ്റിലായത്. ജൂണ്‍ പത്തിന് രാത്രിയിലാണ് ഹര്‍ഷ കസ്റ്റംസ് പിടിയിലായകുന്നത്.
ബാങ്കോക്കില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയതായിരുന്നു ഇവര്‍. വിമാനത്താവളത്തിലെ പതിവു നിരീക്ഷണത്തിനിടെ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു എന്നാണ് വിവരം.
ഹര്‍ഷയുടെ ട്രോളി ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ വാക്വം സീല്‍ ചെയ്ത 12 പ്ലാസ്റ്റിക് പാക്കറ്റുകളില്‍ സൂക്ഷിച്ച നിലയില്‍ പച്ചനിറത്തിലുള്ള വസ്തു കണ്ടെത്തി. നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് കിറ്റ് ഉപയോഗിച്ച് നടത്തിയ പ്രത്യേക രാസപരിശോധനയിലാണ് ഇത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത്. 11 കിലോയിലധികം തൂക്കം വരുന്ന ഈ ലഹരിമരുന്നിന് രാജ്യാന്തര വിപണിയില്‍ ഏകദേശം 11.82 കോടി രൂപ വിലമതിക്കും.
തുടര്‍ന്ന് ഹര്‍ഷയെ കസ്റ്റഡിയിലെടുക്കുക ആയിരുന്നു. എന്‍ഡിപിഎസ് നിയമപ്രകാരം ഹര്‍ഷ സണ്ണിയെ കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹര്‍ഷ സണ്ണിയെ മുംബൈയിലെ ഫോര്‍ട്ട് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുംബൈയിലേക്കാണോ അതോ രാജ്യത്തെ മറ്റെതെങ്കിലും ഇടത്തേക്കാണോ ലഹരിമരുന്ന് എത്തിച്ചത് എന്നത് സംബന്ധിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരും പൊലീസും അന്വേഷണം തുടങ്ങി. ഇതിനായി ഹര്‍ഷയുടെ യാത്രാ വിവരങ്ങള്‍, കോള്‍ റെക്കോര്‍ഡുകള്‍ തുടങ്ങിയവ പരിശോധിച്ചു വരികയാണ്.

















