രാജ്യത്തെ സാധാരണക്കാരുടെ കുടുംബ ബജറ്റിന് തിരിച്ചടിയായി പാചകവാതക വിലയില്‍ വൻ വർദ്ധനവ്. 2026 മാർച്ച്‌ 7 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ഗാർഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകള്‍ക്കും വാണിജ്യ സിലിണ്ടറുകള്‍ക്കും വില വർദ്ധിപ്പിച്ചിരിക്കുകയാണ്.അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലുണ്ടായ മാറ്റങ്ങളും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുമാണ് ഈ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ തീരുമാനപ്രകാരം, 14.2 കിലോഗ്രാം ഭാരമുള്ള ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപയാണ് വർദ്ധിപ്പിച്ചത്. ഏകദേശം 11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗാർഹിക സിലിണ്ടറുകളുടെ വിലയില്‍ ഇത്രയും വലിയ മാറ്റം വരുന്നത്. ഇതിനുപുറമെ, ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് 115 രൂപയും വർദ്ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ ഈ മാസം ആദ്യം തന്നെ ചെറിയ വർദ്ധനവ് ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില കൂട്ടിയിരിക്കുന്നത്.

കേരളത്തിലെ സാഹചര്യം സാഹചര്യം

കേരളത്തില്‍ ഗാർഹിക സിലിണ്ടറിന് നിലവില്‍ ഏകദേശം 862 മുതല്‍ 865 രൂപയായിരുന്നു നിരക്ക്. പുതിയ 60 രൂപയുടെ വർദ്ധനവ് കൂടി നിലവില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ ഒരു ഗാർഹിക സിലിണ്ടറിന് ഏകദേശം 922 രൂപ മുതല്‍ 925 രൂപവരെ നല്‍കേണ്ടി വരും. അതുപോലെ വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപ വർദ്ധിച്ചതോടെ ചെറുകിട വ്യാപാരികള്‍ക്കും ഹോട്ടല്‍ ഉടമകള്‍ക്കും ഇത് വലിയ സാമ്പത്തിക ബാധ്യതയായി മാറും. പ്രാദേശിക നികുതികളിലെ വ്യത്യാസം അനുസരിച്ച്‌ വിവിധ നഗരങ്ങളില്‍ വിലയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാം.

മറ്റ് നഗരങ്ങളിലെ വില (ഗാർഹികം)

പുതുക്കിയ നിരക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ ഗാർഹിക സിലിണ്ടറിന്റെ വില 853 രൂപയില്‍ നിന്ന് 913 രൂപയായി ഉയർന്നു. മുംബൈയില്‍ 912.50 രൂപയും കൊല്‍ക്കത്തയില്‍ 930 രൂപയും ചെന്നൈയില്‍ 928.50 രൂപയുമാണ് പുതിയ നിരക്ക്.

സാധാരണക്കാർക്ക് തിരിച്ചടി

റംസാൻ, വിഷു തുടങ്ങിയ ഉത്സവ സീസണുകള്‍ അടുത്തിരിക്കെ പാചകവാതക വില വർദ്ധിപ്പിച്ചത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിക്കുന്നത് ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില കൂടുന്നതിനും കാരണമാകും. അതേസമയം, കേന്ദ്ര സർക്കാരിന്റെ ഉജ്ജ്വല യോജന പദ്ധതി പ്രകാരം ഗ്യാസ് കണക്ഷൻ ഉള്ളവർക്ക് നല്‍കുന്ന സബ്സിഡി ആനുകൂല്യങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരത തുടരുന്ന സാഹചര്യത്തില്‍ വരും മാസങ്ങളിലും ഇന്ധന വിലയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക