ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ചെറിയ തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടാകുന്നത് കുടുംബജീവിതത്തില്‍ സ്വാഭാവികമാണ്.എന്നാല്‍ വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ട അത്തരം വഴക്കുകള്‍ ലോകം മുഴുവന്‍ തത്സമയം കാണുന്ന സാഹചര്യമുണ്ടായാല്‍ എന്താകും അവസ്ഥ? അത്തരമൊരു കൗതുകമുണര്‍ത്തുന്നതും രസകരവുമായ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തിനിടെ ഗാലറിയില്‍ വെച്ച് പരസ്പരം കൊമ്പുകോര്‍ത്ത ഒരു ദമ്പതിമാരുടെ വീഡിയോയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വന്‍തോതില്‍ പ്രചരിക്കുന്നത്. ഇവര്‍ക്കിടയില്‍ പെട്ടെന്നുണ്ടായ തര്‍ക്കത്തിന് കാരണമെന്തായിരിക്കാം എന്ന ചിന്തയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഒന്നടങ്കം.
മോണ്ടെറെയില്‍ ദക്ഷിണ കൊറിയക്കെതിരെ നടന്ന അതിനിര്‍ണ്ണായകമായ ലോകകപ്പ് മത്സരം നേരില്‍ കാണാന്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരു കൂട്ടം ആരാധകര്‍ എത്തിയിരുന്നു. ഇവര്‍ക്കിടയിലാണ് ദമ്പതികളാണെന്ന് തോന്നിക്കുന്ന ഒരു പുരുഷനും സ്ത്രീയും മത്സരത്തിനിടയില്‍ കടുത്ത തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. കളി ആരംഭിച്ച് രാജ്യത്തിന്റെ പതാകകള്‍ വീശി അതീവ ആവേശത്തോടെ ഗാലറിയില്‍ നില്‍ക്കുന്ന ഇരുവരെയുമാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ തൊട്ടടുത്ത നിമിഷം കാര്യങ്ങള്‍ കൈവിട്ടുപോയി. കളി കാണുന്നതിനിടയില്‍ പങ്കാളിയായ പുരുഷന്‍ സ്വന്തം മൊബൈല്‍ ഫോണിലേക്ക് കണ്ണുംനട്ടിരിക്കുന്നത് സ്ത്രീയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതോടെയാണ് ഗാലറിയിലെ തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്.
അയാള്‍ ഫോണില്‍ നോക്കിക്കൊണ്ടിരുന്ന ഏതെങ്കിലും ചാറ്റിനോടോ ചിത്രത്തോടോ ഉള്ള എതിര്‍പ്പാണോ, അതോ ലോകകപ്പ് മത്സരം ഇത്രയും ആവേശത്തില്‍ നടക്കുമ്പോള്‍ കളി ആസ്വദിക്കാതെ ഫോണ്‍ ഉപയോഗിച്ചതിലുള്ള ദേഷ്യമാണോ എന്ന് വ്യക്തമല്ലെങ്കിലും, ആ സ്ത്രീ അയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. തുടക്കത്തില്‍ വളരെ നിസ്സാരമായി മറുപടി നല്‍കിയ ശേഷം അയാള്‍ ഫോണ്‍ പോക്കറ്റിലേക്ക് മാറ്റിയെങ്കിലും തര്‍ക്കം അവിടെ തീര്‍ന്നില്ല. ഇരുവരും തമ്മിലുള്ള രൂക്ഷമായ വാക്കേറ്റം തുടര്‍ന്നുകൊണ്ടേയിരുന്നു. സ്ത്രീ പറഞ്ഞ എന്തോ ഒരു കാര്യം അയാളെ വല്ലാതെ ചൊടിപ്പിച്ചതായാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തര്‍ക്കം രൂക്ഷമായതോടെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാതെ പിന്മാറാനായി ആ സ്ത്രീ ഒടുവില്‍ തന്റെ സീറ്റില്‍ ഇരുന്നു. എന്നാല്‍ ദേഷ്യമടങ്ങാതിരുന്ന പുരുഷന്‍ അസ്വസ്ഥതയോടെയും ആക്രോശിക്കുന്ന രീതിയിലും ഇടയ്ക്കിടെ അവരുടെ നേര്‍ക്ക് തിരിയുന്നുണ്ടായിരുന്നു. വീഡിയോ മുന്നോട്ട് പോകുന്തോറും കളി കാണാന്‍ വന്നിട്ട് ഇങ്ങനെ വഴക്കുണ്ടാക്കേണ്ടി വന്നല്ലോ എന്ന സങ്കടത്തില്‍ ആ സ്ത്രീ നിശബ്ദയായി സീറ്റില്‍ ഇരിക്കുമ്പോള്‍, അയാള്‍ ഒട്ടും കൂസലില്ലാതെ നൃത്തം ചെയ്യുന്നതും ലഘുഭക്ഷണം കഴിക്കുന്നതുമാണ് കാണാന്‍ കഴിഞ്ഞത്. ചുറ്റുമുള്ള ആരവങ്ങള്‍ക്കിടയിലും ഇരുവരും തമ്മിലുള്ള ഈ അസ്വാരസ്യം ഔദ്യോഗിക ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുകയായിരുന്നു.
ആദ്യം ടിക് ടോക്കിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടതെങ്കിലും നിമിഷങ്ങള്‍ക്കകം ഇത് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും തരംഗമായി മാറി. പതിനായിരക്കണക്കിന് ആളുകളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ വീഡിയോ കണ്ടത്. ഇവര്‍ തമ്മിലുള്ള വഴക്കിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് നിരവധി കമന്റുകളും രസകരമായ ഊഹാപോഹങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ‘എനിക്ക് മറ്റൊരാള്‍ക്ക് വേണ്ടി എങ്ങനെ നിയമപരമായി വിവാഹമോചനത്തിന് അപേക്ഷിക്കാന്‍ കഴിയും?’ എന്നായിരുന്നു ഒരു ഉപയോക്താവ് എക്‌സില്‍ കുറിച്ചത്. എന്നാല്‍ ‘ആ വിവാഹമോചനം ഒട്ടും പ്രതീക്ഷിക്കാതെ വളരെ പെട്ടെന്ന് സംഭവിച്ചതാണ്’ എന്നായിരുന്നു മറ്റൊരു അക്കൗണ്ടിന്റെ പരിഹാസം കലര്‍ന്ന കമന്റ്. ‘ആണുങ്ങള്‍ എല്ലാം നശിപ്പിക്കും! അവള്‍ എല്ലാവരുടെയും നല്ലൊരു ദിവസം നശിപ്പിക്കുകയാണെന്നും, എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്നും പറഞ്ഞ് അവന്‍ അവളെ കുറ്റപ്പെടുത്തുന്ന തിരക്കിലായിരിക്കുമെന്ന് എനിക്ക് 100% ഉറപ്പാണ്’ എന്ന് മറ്റൊരു യുവതി കുറിച്ചു.
അതേസമയം, അവന്‍ മത്സരത്തിന്റെ ഫലത്തെക്കുറിച്ച് ഓണ്‍ലൈന്‍ ബെറ്റിങ് നടത്തുകയായിരുന്നിരിക്കാം എന്നാണ് മറ്റൊരു വിഭാഗം ആളുകളുടെ കണ്ടെത്തല്‍. എന്നാല്‍ മറ്റ് ചിലരാകട്ടെ, ഏതെങ്കിലും തരത്തിലുള്ള വഞ്ചന ആയിരിക്കാം ഈ പരസ്യമായ തര്‍ക്കത്തിന് പിന്നിലെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ കളി കാണാന്‍ വന്നവരുടെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ ക്യാമറ തിരിച്ചുപിടിച്ച ഔദ്യോഗിക ക്യാമറമാനെ ‘പരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നവന്‍’ എന്ന് വിളിച്ച് കുറ്റപ്പെടുത്താനും ആളുകള്‍ മറന്നില്ല. വീഡിയോ ഇത്രയധികം വൈറലായിട്ടും ഇരുവരും തമ്മില്‍ യഥാര്‍ത്ഥത്തില്‍ അന്ന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്ന വിശ്വസനീയമായ മറ്റ് വിവരങ്ങളോ വിശദീകരണങ്ങളോ ഇതുവരെ പുറത്തുവന്നിട്ടില്ലെന്നതാണ് ഈ ദൃശ്യങ്ങളെ ഇപ്പോഴും ചര്‍ച്ചകളില്‍ സജീവമാക്കി നിര്‍ത്തുന്നത്.

















