ബുള്ളറ്റ് ട്രെയിനുകള്‍ക്കും മിനിറ്റുകള്‍ വെച്ച് കണക്കാക്കുന്ന വേഗതയേറിയ യാത്രകള്‍ക്കും പേരുകേട്ട രാജ്യമാണ് ജപ്പാൻ എന്ന് നമുക്കെല്ലാം അറിയാം.എന്നാല്‍ ജപ്പാനിലെ തെക്കൻ ദ്വീപായ ക്യൂഷുവില്‍ (Kyushu) ഇതിന് നേർവിപരീതമായി പ്രവർത്തിക്കുന്ന ഒരു ട്രെയിനുണ്ട്. യാത്രക്കാരെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് പകരം, യാത്ര ആസ്വദിക്കാനും വേഗത കുറയ്ക്കാനും ഇത് അവരെ പ്രേരിപ്പിക്കുന്നു.
അഗ്നിപർവ്വത പ്രദേശങ്ങള്‍, മനോഹരമായ കടല്‍ത്തീരങ്ങള്‍, ചരിത്രപ്രസിദ്ധമായ നഗരങ്ങള്‍, ചൂടുനീരുറവകള്‍ (hot springs) എന്നിവ കടന്നുപോകുന്ന ‘സെവൻ സ്റ്റാർസ് ഇൻ ക്യൂഷു’ (Seven Stars in Kyushu) ജപ്പാൻ്റെ മറ്റൊരു മുഖമാണ് സഞ്ചാരികള്‍ക്ക് കാട്ടിക്കൊടുക്കുന്നത്. 2013-ല്‍ പ്രവർത്തനം ആരംഭിച്ച ഈ സ്ലീപ്പർ ട്രെയിൻ, ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും ആകർഷകമായ ആഡംബര ട്രെയിൻ യാത്രകളില്‍ ഒന്നായി മാറിയിരിക്കുന്നു.
ജെ.ആർ ക്യൂഷു (JR Kyushu) ഗ്രൂപ്പ് നടത്തുന്ന ഈ ട്രെയിൻ ജപ്പാനിലെ ആദ്യത്തെ ആഡംബര ക്രൂയിസ് ട്രെയിനാണ്. ക്യൂഷുവിലെ ഏഴ് പ്രവിശ്യകളെയും (prefectures) ഇവിടുത്തെ പ്രധാന ഏഴ് ആകർഷണങ്ങളായ പ്രകൃതി, ഭക്ഷണം, സംസ്കാരം, ആതിഥ്യമര്യാദ തുടങ്ങിയവയെയും സൂചിപ്പിക്കുന്നതിനാണ് ‘സെവൻ സ്റ്റാർസ്’ എന്ന പേര് നല്‍കിയിരിക്കുന്നത്. പ്രശസ്ത വ്യവസായ ഡിസൈനറായ ഈജി മിതൂക്കയാണ് ഈ ട്രെയിൻ രൂപകല്‍പ്പന ചെയ്തത്. ജപ്പാൻ്റെ പരമ്പരാഗത കരകൗശലവിദ്യയും ആധുനിക സൗകര്യങ്ങളും ഒത്തുചേരുന്നതാണ് ഇതിൻ്റെ ഡിസൈൻ. ട്രെയിൻ്റെ ഓരോ കോച്ചിലും മരപ്പണികളും കൈകൊണ്ട് നിർമ്മിച്ച ഫർണിച്ചറുകളും പ്രാദേശികമായ സാമഗ്രികളും ഉപയോഗിച്ചിരിക്കുന്നു.
ഫുകുവോക്കയിലെ ഹകത സ്റ്റേഷനില്‍ നിന്നാരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്ന രീതിയിലാണ് ഇതിൻ്റെ യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് തരത്തിലുള്ള പാക്കേജുകളാണ് ഇതിനുള്ളത്. വടക്കൻ ക്യൂഷുവിലൂടെയുള്ള രണ്ട് ദിവസത്തെയും ഒരു രാത്രിയുമുള്ള യാത്രയാണ് ഇതില്‍ ആദ്യത്തേത്. എന്നാല്‍ നാല് ദിവസവും മൂന്ന് രാത്രിയുമുള്ള യാത്രയാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇത് ഫുകുവോക്ക, ഓയിറ്റ, മിയാസാക്കി, കഗോഷിമ, കുമാമോട്ടോ, നാഗസാക്കി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകുന്നു. പരമ്പരാഗത മണ്‍പാത്ര നിർമ്മാണ ഗ്രാമങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, ചൂടുനീരുറവകള്‍ എന്നിവ സന്ദർശിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. കാലാവസ്ഥ അനുസരിച്ച് ഇതിൻ്റെ യാത്രാവഴികളില്‍ മാറ്റങ്ങള്‍ വരാറുണ്ട്.
ഏഷ്യയിലെ തന്നെ ഏറ്റവും ചിലവേറിയ ട്രെയിൻ യാത്രകളില്‍ ഒന്നാണിത്. രണ്ട് ദിവസത്തെ യാത്രയ്ക്ക് ഒരാള്‍ക്ക് ഏകദേശം 4 ലക്ഷം രൂപ മുതല്‍ 9.5 ലക്ഷം രൂപ വരെയും, നാല് ദിവസത്തെ യാത്രയ്ക്ക് റൂമിന്റെ കാറ്റഗറി അനുസരിച്ച് 8 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെയും ചിലവ് വരും. ഈ തുകയില്‍ ട്രെയിനിലെ താമസം, ഭക്ഷണം, പാനീയങ്ങള്‍, വിവിധ വിനോദയാത്രകള്‍ എന്നിവ ഉള്‍പ്പെടുന്നു.
വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമാണ് ഇതില്‍ ഒരേസമയം യാത്ര ചെയ്യാൻ സാധിക്കുക. ഇത് യാത്രക്കാർക്ക് തികച്ചും വ്യക്തിപരമായ മികച്ച സേവനം ഉറപ്പാക്കുന്നു. വലിയ ജനലുകളിലൂടെ മലനിരകളുടെയും കാടുകളുടെയും ഗ്രാമങ്ങളുടെയും മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാം. അത്യാധുനിക ഹോട്ടല്‍ മുറികള്‍ക്ക് സമാനമായ സ്യൂട്ട് റൂമുകളും ഒബ്സർവേഷൻ കാറിലുള്ള ഡീലക്സ് സ്യൂട്ടുകളും ഇതിലുണ്ട്. യാത്രയിലെ ഏറ്റവും വലിയ ആകർഷണം ഇവിടുത്തെ ഭക്ഷണമാണ്. പ്രശസ്ത ഷെഫുമാരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന മികച്ച സമുദ്രവിഭവങ്ങളും പ്രാദേശിക വിഭവങ്ങളും പരമ്പരാഗത ജാപ്പനീസ് മദ്യവും (Sake) ഇവിടെ ലഭ്യമാണ്. ട്രെയിൻ യാത്രയ്ക്ക് പുറമേ പ്രാദേശിക ക്ഷേത്രങ്ങളും കരകൗശല നിർമ്മാണ കേന്ദ്രങ്ങളും സന്ദർശിക്കാനും അവസരമുണ്ട്.
യാത്രക്കാരുടെ എണ്ണം പരിമിതമായതിനാലും വലിയ ഡിമാൻഡ് ഉള്ളതിനാലും ഇതിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുക വളരെ പ്രയാസകരമാണ്. പലപ്പോഴും ലോട്ടറി സമ്പ്രദായത്തിലൂടെയാണ് യാത്രക്കാരെ തിരഞ്ഞെടുക്കുന്നത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കാള്‍ യാത്രയെ പ്രണയിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് സെവൻ സ്റ്റാർസ് ഇൻ ക്യൂഷു. ആഡംബര യാത്രയും സംസ്കാരവും ഒരുപോലെ അനുഭവിക്കാൻ സാധിക്കുന്ന ഈ ട്രെയിൻ ലോകത്തിലെ തന്നെ ഏറ്റവും സവിശേഷമായ ഒരു യാത്രാനുഭവമാണ് സമ്മാനിക്കുന്നത്.

















