അശ്ലീല ആംഗ്യവും കമന്റടിയും ചോദ്യം ചെയ്‌തതിനു പെണ്‍കുട്ടികളെ ക്രൂരമായ മര്‍ദിച്ച സംഘത്തിന്റെ തലവന്‍ അക്‌ബര്‍ അലി പി.(29) കഴിഞ്ഞ ജൂലൈയില്‍ അറസ്‌റ്റിലായതു ഹൈടെക്‌ പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പിന്റെ പേരില്‍.

ഇതര സംസ്‌ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ യുവതികളെ എത്തിച്ചായിരുന്നു അക്‌ബറിന്റെയും കൂട്ടരുടേയും പ്രവര്‍ത്തനം. എറണാകുളം സൗത്ത്‌ റെയില്‍വേ സ്‌റ്റേഷനു സമീപം പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ കഴിഞ്ഞ ജൂലൈയില്‍ നടന്ന പരിശോധനയില്‍ അസം, ബംഗാള്‍ സ്വദേശികളായ ആറു യുവതികളെ പോലീസ്‌ കസ്‌റ്റഡിയിലെടുക്കുകയും ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റുകയും ചെയ്‌തിരുന്നു. പെണ്‍കുട്ടികളെ മര്‍ദിച്ച ശേഷം ഒളിവില്‍ പോയ അക്‌ബറിനേയും മറ്റു പ്രതികളേയും ഇതുവരെ പിടികൂടിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലക്കാട്‌ മണ്ണാര്‍ക്കാട്‌ പുല്ലശേരി പെരുമണ്ണില്‍ വീട്ടില്‍ അക്‌ബര്‍ അലി പി. (29) ആയിരുന്നു പെണ്‍വാണിഭ സംഘത്തിന്റെ തലവനെന്നായിരുന്നു പോലീസ്‌ കണ്ടെത്തിയത്‌. നാട്ടുകാര്‍ തന്നെയായ മന്‍സൂര്‍ അലി.എ (31), ഷെഫീഖ്‌ പി.പി (27) എന്നിവരും അന്ന്‌ അറസ്‌റ്റിലായവരില്‍ ഉള്‍പ്പെടുന്നു. എസ്‌കോര്‍ട്ട്‌ സര്‍വീസിനു സ്‌ത്രീകളേയും പുരുഷന്മാരേയും നല്‍കുന്ന ആപ്പിലൂടെയായിരുന്നു അക്‌ബറിന്റെയും കൂട്ടരുടേയും ഇടപാടുകള്‍. ഷെഫീഖിന്റെ പേരില്‍ ഈ ആപ്പിലുള്ള അക്കൗണ്ട്‌ വഴിയായിരുന്നു ആവശ്യക്കാര്‍ ബന്ധപ്പെടുക. തുടര്‍ന്ന്‌ എത്തേണ്ട സ്‌ഥലത്തിന്റെ വിവരം ഷെഫീഖ്‌ അറിയിക്കും. ഇവിടെ എത്തുന്ന ഇടപാടുകാര്‍ 3,000 രൂപയാണു ലൈംഗികാവശ്യത്തിനായി നല്‍കേണ്ടത്‌. ഇതു നല്‍കേണ്ടതാകട്ടെ പെണ്‍വാണിഭ കേന്ദ്രത്തില്‍ അക്‌ബര്‍ അലിയുടെ പേരില്‍ സ്‌ഥാപിച്ചിട്ടുള്ള ക്യുആര്‍ കോഡ്‌ വഴിയും.

ഇതിനു ശേഷം സ്‌ഥലത്തുള്ള യുവതികളില്‍ നിന്ന്‌ ഇഷ്‌ടമുള്ളവരെ ആവശ്യക്കാര്‍ക്കു തെരഞ്ഞെടുക്കാം എന്നതായിരുന്നു രീതി. ഇതില്‍ 1000- 1500 രൂപയാണ്‌ ഓരോ ഇടപാടിനും യുവതികള്‍ക്കു നല്‍കുന്നത്‌. 750 രൂപ ഷെഫീഖ്‌ ആണോ മന്‍സൂര്‍ ആണോ ഇടപാടുകാരെ കൊണ്ടുവരുന്നത്‌, അവര്‍ക്കുള്ള കമ്മിഷനാണ്‌. ബാക്കി തുകയാണ്‌ അക്‌ബര്‍ അലിക്ക്‌ ലഭിക്കുക. ഇടപ്പള്ളിയില്‍ അനാശ്യാസ കേന്ദ്രം പ്രവര്‍ത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ അന്ന്‌ എളമക്കര പോലീസായിരുന്നു ആദ്യം അന്വേഷണം ആരംഭിക്കുന്നത്‌. ഇവിടെ എത്തിയെങ്കിലും പെണ്‍കുട്ടികളെ കണ്ടെത്താനായില്ല.

എന്നാല്‍ ഇവിടെയുണ്ടായിരുന്ന അക്‌ബറിനെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്യുന്നതിനിടെയാണു കടവന്ത്ര പോലീസിന്‌ ഒരു പെണ്‍വാണിഭ കേന്ദ്രത്തെക്കുറിച്ചു വിവരം ലഭിക്കുന്നത്‌. സൗത്ത്‌ റെയില്‍വേ സ്‌റ്റേഷന്റെ കിഴക്ക ഗേറ്റിനടുത്തുള്ള കര്‍ഷക റോഡിലെ ഒരു വീടായിരുന്നു കേന്ദ്രം.

ഇവിടെ എത്തിയപ്പോള്‍ ആറു യുവതികളും ഷെഫീഖും മന്‍സൂറും ഇടപാടിനെത്തിയ ചങ്ങനാശേരി സ്വദേശി വിഷ്‌ണുവും സ്‌ഥലത്തുണ്ടായിരുന്നു. ഷെഫീഖിനെയും മന്‍സൂറിനെയും ചോദ്യം ചെയ്യുന്നതില്‍ നിന്നാണ്‌ അക്‌ബറിന്റെ പങ്ക്‌ കടവന്ത്ര പോലീസ്‌ അറിയുന്നത്‌. ഈ സമയം എളമക്കര പോലീസിന്റെ കസ്‌റ്റഡിയിലായിരുന്നു അകബ്‌ര്‍. പിന്നീട്‌ അക്‌ബറിന്റെ അറസ്‌റ്റ്‌ കൂടി രേഖപ്പെടുത്തി റിമാന്‍ഡ്‌ ചെയ്യുകയായിരുന്നു. 20,000 രൂപ മാസവാടകയ്‌ക്ക്‌ എടുത്ത കെട്ടിടത്തിലായിരുന്നു പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്‌.

റെയില്‍വേ റിക്രൂട്ട്‌മെന്റ്‌ കോഴ്‌സിന്‌ പഠിക്കുന്ന പെണ്‍കുട്ടികളെ കഴിഞ്ഞ ദിവസം ആക്രമിച്ച ശേഷം ഒളിവില്‍ പോയ അക്‌ബര്‍ നടത്തിയിരുന്ന ലോഡ്‌ജ്‌ പോലീസ്‌ റെയ്‌ഡ്‌ ചെയ്‌തിരുന്നു. മൂന്നു നിലയുള്ള ലോഡ്‌ജിന്റെ രണ്ടാം നില പൂര്‍ണമായി എടുത്ത ശേഷം ഇവിടെ പെണ്‍വാണിഭ കേന്ദ്രം നടത്തുകയായിരുന്നു എന്നാണ്‌ പോലീസ്‌ വൃത്തങ്ങള്‍ പറയുന്നത്‌. നാലു മുറികളുള്ള ഈ നിലയ്‌ക്ക്‌ ഒരു ലക്ഷം രൂപ മാസവാടക ഇനത്തിലും നല്‍കിയിരുന്നു.

സെക്‌സ്‌ റാക്കറ്റ്‌ ഇടപാടില്‍ അക്‌ബറിന്റെ പങ്കാളികളും ലോഡ്‌ജ്‌ ജീവനക്കാരുമാണു നിലവില്‍ അറസ്‌റ്റിലായ മൂന്നു പേരില്‍ രണ്ടുപേര്‍. അക്‌ബര്‍, സുഹൃത്തുക്കളായ രണ്ടു യുവതികള്‍, മറ്റു രണ്ടു പേര്‍ എന്നിവരാണ്‌ ഇനി പിടിയിലാകാനുള്ളത്‌.ക്രൂരമര്‍ദനത്തിന്‌ ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്ന്‌ ആദ്യം ഡിസ്‌ചാര്‍ജ്‌ ചെയ്‌തിരുന്നെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്‌ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക