ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി നല്‍കുമെന്നും ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉത്സവബത്ത 250 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ പ്രത്യേക ഉത്സവബത്ത 1250 രൂപയായി.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപ അനുവദിക്കും. പാര്‍ട്ട് ടൈം, കണ്ടിന്‍ജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ്. കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ച കരാര്‍-സ്‌കീം തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും 250 രൂപവീതം വര്‍ദ്ധിപ്പിച്ചു. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സർക്കാർ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. കർഷകർ ഉൾപ്പെടെയുള്ളവർക്ക് സബ്സിഡി ആനുകൂല്യങ്ങളും, ക്ഷേമ പെൻഷൻ കുടിശ്ശികയും നൽകാതെയുള്ള ഈ ദുർവ്യയം സാധാരണക്കാരിൽ സാധാരണക്കാരോടുള്ള നീതി നിഷേധം ആണെന്നാണ് വിമർശനം. വികസന പ്രവർത്തനങ്ങളും, ക്ഷേമ പ്രവർത്തനങ്ങളും, ക്ഷേമനിധി ആനുകൂല്യങ്ങളും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നിഷേധിക്കുകയും, ഓണത്തിന് ശേഷമുള്ള മാസങ്ങളിൽ കേന്ദ്രത്തിൽനിന്ന് അധിക കടമെടുത്തു പരിധി ആവശ്യപ്പെട്ട് പൊതു കടം വർദ്ധിപ്പിച്ച് ജീവനക്കാരുടെ ശമ്പളം നൽകി കാലം കഴിക്കുകയും ചെയ്യുന്ന സർക്കാർ സംഘടിത വിഭാഗത്തെ പ്രേരിപ്പിക്കുമ്പോൾ അസംഘടിതരായവരുടെ താൽപര്യങ്ങളാണ് കുഴിച്ചുമൂടപ്പെടുന്നത് എന്നതും വസ്തുതയാണ്.

















