കേരളത്തില്‍ പെൻഷൻ പ്രായം ഉയർത്തുന്നതാണ് നല്ലതെന്ന് യുഎന്നിലെ മലയാളി സാന്നിദ്ധ്യം മുരളി തുമ്മാരുകുടി. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പെൻഷൻ പ്രായമാണ് കേരളത്തിലേതെന്നും, പെൻഷൻ പ്രായം കൂട്ടുന്നതും കുറയ്ക്കുന്നതും യുവജനങ്ങളുടെ തൊഴില്‍ അവസരത്തെ ബാധിക്കുന്നില്ലെന്നും തുമ്മാരുകുടി അഭിപ്രായപ്പെടുന്നു.

തുമ്മാരുകുടിയുടെ വാക്കുകള്‍-

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പെൻഷൻ പ്രായമാണ് കേരളത്തിലേത്. ഇത് അല്‍പ്പമെങ്കിലും ഉയർത്തി അറുപത് ആക്കുന്നത് എന്തുകൊണ്ടാണ് ഇനിയും വൈകിക്കുന്നതെന്ന് എനിക്ക് ഒരു ഐഡിയയും കിട്ടുന്നില്ല.

യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ ആണ് പറഞ്ഞു കേട്ടിട്ടുള്ള ഒരു കാരണം. ഒരു വർഷത്തില്‍ ശരാശരി ഇരുപതിനായിരം ആളുകള്‍ക്കാണ് സർക്കാർ ജോലി പുതിയതായി കിട്ടുന്നത് എന്നാണ് വായിച്ചത്. ഒരു വർഷത്തില്‍ ശരാശരി അഞ്ചു ലക്ഷം മലയാളികള്‍ ആണ് തൊഴില്‍ കമ്ബോളത്തില്‍ എത്തുന്നത്. അപ്പോള്‍ നമ്മുടെ യുവജനങ്ങളില്‍ അഞ്ചു ശതമാനത്തിന് പോലും സർക്കാർ ജോലി ലഭിക്കുന്നില്ല. പെൻഷൻ പ്രായം കൂട്ടുന്നതും കുറയ്ക്കുന്നതും ഒന്നും ബഹുഭൂരിപക്ഷം യുവജനങ്ങളുടെയും തൊഴില്‍ അവസരത്തെ ബാധിക്കുന്നില്ല.

സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രായം കൂടുംതോറും ശമ്ബളവും അലവൻസും വർദ്ധിച്ച്‌ വലിയൊരു തുക ആവുകയും അതേസമയം പ്രായം അനുസരിച്ച്‌ അവരുടെ പ്രൊഡക്ടിവിറ്റിയില്‍ വലിയ വർദ്ധനവ് ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതിനാല്‍ പ്രായമുള്ളവരെ റിട്ടയർ ചെയ്യിച്ചതിന് ശേഷം പുതിയ ആളുകളെ എടുത്താല്‍, പെൻഷൻ കൂട്ടിയാല്‍ പോലും മൊത്തം ലാഭമാകുമെന്ന് മറ്റൊരു വാദവും കേട്ടിട്ടുണ്ട്. ഇതില്‍ അല്പം മെറിറ്റ് ഉണ്ടെന്ന് തോന്നുന്നു, പ്രത്യേകിച്ചും നമ്മുടെ “സർക്കാർ ഉദ്യോഗസ്ഥരില്‍” വലിയൊരു ശതമാനം എയ്‌ഡഡ്‌ സ്‌കൂളിലേയും കോളേജിലെയും ഉള്‍പ്പടെ ഉള്ള അധ്യാപകർ ആയതിനാല്‍. എന്നാല്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യാനുള്ള ശരിയായ മാർഗ്ഗം പെൻഷൻ പ്രായം നില നിർത്തുന്നതല്ല.

പെൻഷൻ ഉള്‍പ്പടെയുള്ള ക്ഷേമ ചിലവുകള്‍ കൂടുകയും വരുമാനം ആനുപാതികമായി വർധിക്കാതിരിക്കുകയും ചെയ്താല്‍ സർക്കാരിന്റെ വികസന പ്രവർത്തനങ്ങള്‍ക്ക് തടസ്സം നേരിടുമല്ലോ. ലഭ്യമായ സാങ്കേതിക വിദ്യകളും മാനുഷിക ശേഷിയും ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ഉപയോഗിച്ച്‌ സർക്കാരിന്റെ സാലറി ബില്‍ നിയന്ത്രണത്തില്‍ എത്തിക്കേണ്ടതുണ്ട്. പ്രായമാകുന്ന നമ്മുടെ സമൂഹത്തില്‍ പെൻഷൻ പ്രായം കൂട്ടിക്കൊണ്ടു വരേണ്ട ആവശ്യവും ഉണ്ട്. ഇതൊന്നും എളുപ്പമുള്ള തീരുമാനങ്ങള്‍ അല്ല. പക്ഷെ ഇന്ന് അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും തീരുമാനങ്ങള്‍ ഇപ്പോള്‍ എടുക്കുന്നതാണ് നാളെ ഇതിലും വലിയ കുഴപ്പത്തിലാകുന്നതിനേക്കാള്‍ നല്ലത്.

മുരളി തുമ്മാരുകുടി”

കേരളത്തില്‍ പെൻഷൻ പ്രായം 60 ആയി ഉയർത്തണമെന്ന ഭരണപരിഷ്‌ക്കാര കമ്മിഷന്റെ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനിക്കുകയായിരുന്നു. നാലാം ഭരണപരിഷ്‌ക്കാര കമ്മിഷന്റെ ശുപാർശകള്‍ പരിശോധിക്കാൻ നിയോഗിച്ച ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാർശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക