മഹാരാഷ്ട്രയിലെ അഹല്യാനഗർ ജില്ലയില്‍ നിന്നുള്ള ഒരു അപകട ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഇപ്പോള്‍ ഞെട്ടലായി മാറുന്നത്.ശക്തമായ കാറ്റില്‍ കൂറ്റൻ ഇരുമ്പ് ഹോർഡിംഗ് തകർന്ന് വീണ് 24 വയസ്സുള്ള ഒരു യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. അമിത് മോഹൻ സുരകാലെ എന്ന യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി മഹാരാഷ്ട്രയിലെ കർജാത് താലൂക്കില്‍ അതിശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. രാഷിൻ ഗ്രാമത്തിലെ മഹാത്മാ ഫൂലെ ചൗക്കില്‍ ഒരു പരിപാടിയുടെ പരസ്യത്തിനായി വച്ച കൂറ്റൻ ഇരുമ്പ് ഹോർഡിംഗ് ശക്തമായ കാറ്റില്‍ ആടിയുലയുകയായിരുന്നു. കാറ്റിന്റെ വേഗത കാരണം ഫ്ലെക്സ് കീറിപ്പോകുമെന്ന ഭയത്താല്‍, അതിന്റെ മർദ്ദം കുറയ്ക്കാൻ ഫ്ലെക്സിന് നടുവില്‍ കത്തി വച്ച് തുളകളിടാനായിരുന്നു അമിത് ഹോർഡിംഗില്‍ കയറിയത്.
ഉയരത്തിലുള്ള കൂറ്റൻ ഹോർഡിംഗിന്റെ മുകളിലേക്ക് വലിഞ്ഞു കയറി ഫ്ലെക്സ് കീറാൻ തുടങ്ങിയപ്പോള്‍ തന്നെ കാറ്റ് ആഞ്ഞു വീശാൻ തുടങ്ങി. ഒരു നിമിഷം കൊണ്ട് കാറ്റിന്റെ വേഗത ഇരട്ടിയായി. നിയന്ത്രിക്കാൻ കഴിയാത്ത വിധം ആഞ്ഞടിച്ച കാറ്റില്‍, ടണ്‍ കണക്കിന് ഭാരമുള്ള ആ ഇരുമ്പ് ഹോർഡിംഗ് അമിത്തുമായി റോഡിലേക്ക് നിലംപൊത്തുകയായിരുന്നു.
യുവാവ് സംഭവസ്ഥലത്തു തന്നെ മരണപ്പെടുകയായിരുന്നു. ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സൈബറിടങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് വിവരം. ഹോർഡിംഗ് അനധികൃതമായാണോ സ്ഥാപിച്ചത് എന്നും അധികൃതർ പരിശോധിക്കുന്നതായാണ് റിപ്പോർട്ടുകള്‍.











