ജൂണ് 21 ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ കംപ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി.ഉന്നയിക്കുന്ന ആവശ്യം നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നും സമാന ഹർജികള്‍ ഇതിനോടകം തള്ളിക്കളഞ്ഞതാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) വലിയ പ്രതിസന്ധികളിലൂടെയും സമ്മർദത്തിലൂടെയുമാണ് കടന്നുപോകുന്നതെന്നും, പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുന്നതിന്റെ വലിയ ഉത്തരവാദിത്വം ഇപ്പോള്‍ തന്നെയുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
എന്നിരുന്നാലും അവധിക്കുശേഷം കോടതി വീണ്ടും ചേരുന്ന ജൂലൈയില്‍ കേസ് വീണ്ടും കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മറ്റ് ഹർജികള്‍ക്കൊപ്പമായിരിക്കും കേസ് പരിഗണിക്കുക.
അതേസമയം, കേന്ദ്രസർക്കാരുമായി കൂടിയാലോചിച്ച് നീറ്റ് പരീക്ഷ പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിനുള്ള നടപടി എൻടിഎ ആലോചിക്കുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ച ഉള്‍പ്പെടെയുള്ള വീഴ്ചകള്‍ പരിഹരിക്കുന്നതിനാണ് ഇത്തരമൊരു നീക്കം. മേയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതോടെയാണ് പരീക്ഷാഫലം റദ്ദാക്കി ജൂണ് 21ന് പുനഃപരീക്ഷ നടത്താൻ എൻടിഎ തീരുമാനിച്ചത്.








