ലോക്‌സഭയില്‍ ബുധനാഴ്ച നടന്ന ബജറ്റ് ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഭ നിയന്ത്രിച്ചിരുന്ന ബിജെപി നേതാവ് ജഗദാംബിക പാലും തമ്മില്‍ നടന്ന രസകരവും എന്നാല്‍ മൂർച്ചയേറിയതുമായ വാഗ്വാദം ശ്രദ്ധേയമാകുന്നു. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പരാമർശത്തിന് തക്കതായ മറുപടി നല്‍കിയാണ് ജഗദാംബിക പാല്‍ തിരിച്ചടിച്ചത്.2026-27 വർഷത്തെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
സ്പീക്കർ ഓം ബിർളയുടെ അഭാവത്തില്‍ സഭ നിയന്ത്രിക്കാൻ അധ്യക്ഷവേദിയിലുണ്ടായിരുന്നത് മുൻ കോണ്‍ഗ്രസ് നേതാവ് കൂടിയായ ജഗദാംബിക പാലായിരുന്നു. ചർച്ചയ്ക്കിടെ പാലിന്റെ മുൻകാല കോണ്‍ഗ്രസ് ബന്ധത്തെ രാഹുല്‍ ഗാന്ധി ഓർമ്മിപ്പിച്ചതാണ് വാഗ്വാദത്തിന് തുടക്കമിട്ടത്. “താങ്കള്‍ ഒരു മുൻ കോണ്‍ഗ്രസ് അംഗമാണ്. അതിനാല്‍ ഇന്ന് ഞാൻ താങ്കള്‍ക്ക് ഒരു പ്രത്യേക പരിഗണന നല്‍കുന്നു. ഞങ്ങള്‍ക്ക് നിങ്ങളോട് സ്നേഹമുണ്ടെന്ന് താങ്കള്‍ക്കറിയാം. നിങ്ങളുടെ ഹൃദയം അവിടെയല്ല (ബിജെപിയില്‍), ഇവിടെയാണെന്ന് (കോണ്‍ഗ്രസില്‍) ഞങ്ങള്‍ക്കറിയാം,” എന്നായിരുന്നു രാഹുലിന്റെ പരിഹാസം കലർന്ന പരാമർശം.
രാഹുലിന്റെ സ്നേഹപ്രകടനത്തിന് തൊട്ടുപിന്നാലെ പാല്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. “ഞാൻ ഇപ്പോള്‍ ഇവിടെ ഒരു പ്രിസൈഡിംഗ് ഓഫീസറാണ്. നിങ്ങള്‍ ഇന്ന് അവിടെ (പ്രതിപക്ഷത്ത്) ഇരിക്കുന്നുണ്ടെങ്കില്‍, അത് പണ്ട് ഞാൻ നല്‍കിയ ഉപദേശങ്ങള്‍ നിങ്ങള്‍ സ്വീകരിക്കാത്തതുകൊണ്ടാണ്,” എന്നായിരുന്നു പാലിന്റെ മറുപടി. ഇത് സഭയില്‍ വലിയ ചിരിക്കും ബഹളത്തിനും കാരണമായി. പതിനഞ്ചാം ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപിയായിരുന്ന ജഗദാംബിക പാല്‍, 2014-ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നത്.
ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ പാർട്ടിയില്‍ പ്രവർത്തിച്ചിരുന്ന തനിക്ക് പുതിയ നേതൃത്വത്തിന് കീഴില്‍ അർഹമായ ബഹുമാനം ലഭിക്കുന്നില്ലെന്നും ആശയവിനിമയത്തിന് തടസ്സമുണ്ടെന്നും ആരോപിച്ചായിരുന്നു അന്ന് അദ്ദേഹം പാർട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ വളർന്നുവരുന്ന നേതൃത്വത്തിന് തന്നെപ്പോലുള്ള മുതിർന്ന നേതാക്കളെ ആവശ്യമില്ലായിരിക്കാം എന്നും അന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു.ബജറ്റ് ചർച്ചയില്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷമായ ആക്രമണം നടത്തുന്നതിനിടയിലാണ് സഭയിലെ അന്തരീക്ഷം അല്പനേരത്തേക്ക് രാഷ്ട്രീയ വ്യക്തിപരമായ ഈ പോരിലേക്ക് മാറിയത്.

















