വ്യവസായി യൂസഫലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ശരത്ചന്ദ്ര പ്രസാദ് രംഗത്ത്.കഴക്കൂട്ടത്തെ തന്റെ പരാജയത്തിന് കാരണം വ്യവസായി എം എ യൂസഫലി ആണെന്നായിരുന്നു ടി ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചത്. കഴക്കൂട്ടത്തും നേമത്തും ബിജെപിയെ ജയിപ്പിക്കാൻ അന്തർധാരയുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ മറിച്ച്‌ കടകംപള്ളി സുരേന്ദ്രന് മറിച്ചുകൊടുത്ത് വി മുരളീധരനെ വിജയിപ്പിച്ചെന്നായിരുന്നു ശരത്ചന്ദ്ര പ്രസാദിന്റെ ആരോപണം.

തിരുവനന്തപുരത്ത് ശനിയാഴ്ച നടന്ന എന്‍ജിഒ അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ശരത്ചന്ദ്ര പ്രസാദ് ഈ ആരോപണങ്ങള്‍ മുന്നോട്ടുവെച്ചത്. എല്‍ഡിഎഫിന്റെ 6,500 വോട്ടുകള്‍ ബിജെപിക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശരത്ചന്ദ്ര പ്രസാദിന്റെ വാക്കുകള്‍ ഇങ്ങനെ

രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്ന ബിജെപിയുടെ ഖജനാവായി യൂസഫലി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷത്തില്‍ അദ്ദേഹം യുഡിഎഫിനോട് കാണിച്ച ക്രൂരതയാണ് തന്റെ പരാജയത്തിന് കാരണം. നിലവില്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ബിനാമിയായാണ് യൂസഫലി പ്രവർത്തിക്കുന്നത്, ഈ വിവരം നമ്മുടെ മറ്റ് പ്രമുഖ നേതാക്കള്‍ക്ക് അറിയാമെങ്കിലും പുറത്തുപറയാൻ മടിക്കുകയാണ്.

ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തില്ലെങ്കില്‍ ബിജെപി ജയിക്കും എന്ന പഴയ തന്ത്രം കഴക്കൂട്ടം, നേമം, പരവൂർ, ചാത്തന്നൂർ മണ്ഡലങ്ങളില്‍ യൂസഫലി വീണ്ടും പ്രയോഗിച്ചു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ തൃശ്ശൂർ, പാലക്കാട്, ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീല്‍ ഉണ്ടായിരുന്നു. ഇതില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി ജയിച്ചപ്പോള്‍, തിരുവനന്തപുരത്ത് മത്സരിച്ച രാജീവ് ചന്ദ്രശേഖരനെയും വി. മുരളീധരനെയും സ്പോണ്‍സർ ചെയ്ത് ജയിപ്പിക്കാനുള്ള അന്തർധാരയ്ക്ക് പിന്നില്‍ യൂസഫലി ആയിരുന്നു” എന്നാണ് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ 428 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ച്‌ത്. മുരളീധരന് 46,564 വോട്ടുകള്‍ കിട്ടിയപ്പോള്‍ സിറ്റിങ് എംഎല്‍എയായിരുന്ന കടകംപള്ളി സുരേന്ദ്രന് 46,136 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശരത്ചന്ദ്ര പ്രസാദിന് ലഭിച്ചതാവട്ടെ 37,183 വോട്ടുകളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക