വിവാഹിതനാണെന്ന സത്യം മറച്ചുവെച്ച് ശ്രീലങ്കൻ സ്വദേശിനിയായ സഹപ്രവർത്തകയെ പ്രണയിച്ച് വഞ്ചിച്ച കണിയാപുരം സ്വദേശി നജീമിനെ (34) തേടി യുവതി കഴക്കൂട്ടത്തെത്തി.ഒടുവില്‍ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യയും രംഗത്തെത്തിയിരിക്കുകയാണ്.
വിദേശത്ത് ഒരുമിച്ച് കഴിയുന്നതിനിടെയാണ് യുവതി ഗർഭിണിയായതും ഗർഭച്ഛിദ്രം നടത്തിയശേഷം ഇയാള്‍ തിരിച്ചയച്ചതും. യുവാവിനെത്തേടി വീണ്ടും കഴക്കൂട്ടത്തെത്തിയ യുവതിയെ പോലീസ് അഗതിമന്ദിരത്തിലാക്കിയിരുന്നു.
മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിന് പിന്നീട് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റി. അവിടെ നിന്നും യുവതിയെ വിട്ടയച്ചശേഷം കാണാതായ തന്റെ ഭർത്താവിനെ തേടി ഭാര്യ പോലീസില്‍ പരാതി നല്‍കിയതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. കണിയാപുരം പള്ളിനട സ്വദേശി നജീം (34), 29-കാരിയായ ശ്രീലങ്കൻ യുവതി എന്നിവരാണ് കഥാപാത്രങ്ങള്‍.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; അബുദാബിയിലെ മാളില്‍ സഹപ്രവർത്തകരായിരുന്നു നജീമും ശ്രീലങ്കൻ യുവതിയും. അബുദാബിയില്‍വെച്ച് താൻ അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ച നജീം എട്ടുമാസത്തോളം യുവതിക്കൊപ്പം താമസിച്ചു. അവിടെ നിന്നും മൂന്ന് മാസം മുൻപ് നാട്ടിലെത്തിയ നജീം പിന്നീട് തിരികെ പോയില്ല. ഗർഭിണിയായ യുവതി ഇതോടെയാണ് നജീമിനെ അന്വേഷിച്ച് ഒരു മാസം മുൻപ് തലസ്ഥാനത്തെത്തുന്നത്.
പോത്തൻകോട്, മംഗലപുരം, കഠിനംകുളം ഭാഗങ്ങളില്‍ അന്വേഷണം നടത്തി നജീമിനെ കണ്ടെത്തി. തുടർന്ന് നജീം പോത്തൻകോട്ട് വാടകവീടെടുത്ത് യുവതിയെ താമസിപ്പിച്ചു. പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഗർഭച്ഛിദ്രം നടത്തി. ശേഷം തിരിച്ചയച്ചു. പിന്നാലെ താനും എത്താമെന്ന് ഉറപ്പുനല്‍കിയാണ് യുവതിയെ തിരിച്ചയച്ചത്.
അബുദാബിയില്‍ എത്തിയശേഷം യുവതിക്ക് നജീമിനെ ബന്ധപ്പെടാൻ കഴിയാതെയായി. തുടർന്നാണ് യുവതി മേയ് ഏഴിന് വീണ്ടും കഴക്കൂട്ടത്തെത്തിയത്. നജീം കഴക്കൂട്ടത്ത് ലോഡ്ജില്‍ മുറിയെടുത്ത് ഇവരെ താമസിപ്പിച്ചു. ഇവിടെവെച്ച് ഇരുവരും വാക്കേറ്റമുണ്ടായി. അവിടെനിന്ന് രക്ഷപ്പെടാനുള്ള നജീമിന്റെ ശ്രമം തടയുന്നതിനിടെ യുവതിക്ക് പരിക്കേറ്റു. തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെനിന്ന് ഇയാള്‍ മുങ്ങി.
ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. പിന്നീട് നജീമിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. നജീമിന് പിന്തുണയുമായി ഭാര്യയും ബന്ധുക്കളും സ്റ്റേഷനിലെത്തി.
നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ യുവതിയെ സർക്കാർ അഗതിമന്ദിരത്തിലേക്ക് മാറ്റി. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റിയിരുന്നു. ഇവിടെ നിന്നും ചികിത്സ കഴിഞ്ഞ വിട്ടയച്ചശേഷം, ഇപ്പോള്‍ നജീമിനെയും കാണാനില്ലെന്നാണ് പരാതി.















