രാഷ്ട്രീയ ഗോദയിലെ പോരാട്ടം കടുക്കുമ്പോള്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ചർച്ചയാകുന്നത് വെറും വികസനവും വിവാദങ്ങളും മാത്രമല്ല, സ്ഥാനാർത്ഥികളുടെ വേഷവിധാനവും കൂടിയാണ്.സ്ലീവ്‌ലെസ് ജാക്കറ്റും ഖദർ കുർത്തയും സ്ഥിരം കാഴ്ചയായ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് മാറി, തനതായ ‘സിഗ്നേച്ചർ സ്റ്റൈല്‍’ കാത്തുസൂക്ഷിക്കുന്നവരാണ് ഇവിടുത്തെ പ്രധാന മൂന്ന് സ്ഥാനാർത്ഥികളും. എല്‍ഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രനും യുഡിഎഫിന്റെ ശരത്ചന്ദ്ര പ്രസാദും ബിജെപിയിലെ വി മുരളീധരനും വസ്ത്രധാരണത്തിലും ലൈഫ് സ്റ്റൈലിലും പുലർത്തുന്ന ആ ‘പെർഫെക്ഷൻ’ ഒന്ന് പരിശോധിക്കാം.
ചുളിവില്ലാത്ത സ്റ്റൈല്‍; കടകംപള്ളിയുചടെ പെര്‍ഫെക്ഷൻ
ഭൂതക്കണ്ണാടി വെച്ച് നോക്കിയാല്‍ പോലും കടകംപള്ളി സുരേന്ദ്രന്റെ ഷർട്ടില്‍ ഒരു ചുളിവ് കണ്ടെത്താനാവില്ല എന്നാണ് വെപ്പ്. ചീകിയൊതുക്കിയ മുടിയും വെട്ടിയൊതുക്കിയ താടിയുമാണ് കടകംപള്ളിയുടെ മറ്റൊരു സ്പെഷ്യാലിറ്റി. ഷർട്ടിന് മാച്ച് ചെയ്യുന്ന മുണ്ടും കണ്ണടയും കൂടിയാകുമ്പോള്‍ സഖാവിന്റെ സ്റ്റൈല്‍ കംപ്ലീറ്റ്. ഒരു തവണ ഇട്ട ഷർട്ട് മാസങ്ങള്‍ കഴിഞ്ഞേ പിന്നീട് കാണൂ എന്നൊരു പറച്ചില്‍ തന്നെ അണികള്‍ക്കിടയിലുണ്ട്.
എന്നാല്‍ ഈ കളർഫുള്‍ ഷർട്ടുകള്‍ക്ക് പിന്നില്‍ നിറംമങ്ങിയ ഒരു ഭൂതകാലത്തിന്റെ കഥ പറയാനുണ്ട് കടകംപള്ളിക്ക്. ‘പണ്ട് മുതലേ രാഷ്ട്രീയക്കാരുടെ പരമ്പരാഗത വേഷങ്ങളില്‍ നിന്ന് മാറി നടക്കാൻ ഇഷ്ടപ്പെട്ടയാളാണ് ഞാൻ. ഒരൊറ്റ ഉടുപ്പേ ഉള്ളൂ എങ്കിലും അത് രാത്രി കഴുകിയിട്ട്, രാവിലെ നന്നായി സ്റ്റാർച്ച് (കഞ്ഞിപ്പശ) മുക്കി തേച്ച് മിനുക്കി ഇടും. ഉള്ളതിനെ വൃത്തിയായി കൊണ്ടുനടക്കുക എന്നതാണ് എന്റെ രീതി,’ കടകംപള്ളി തന്റെ സ്റ്റൈല്‍ രഹസ്യം വെളിപ്പെടുത്തുന്നതിങ്ങനെയാണ്.
ഡബിള്‍ പോക്കറ്റിലെ സെന്റിമെന്റ്‌സ്; ശരത്ചന്ദ്ര പ്രസാദിന്റെ ‘അണ്ണൻ’ സ്റ്റൈല്‍
യുഡിഎഫ് സ്ഥാനാർത്ഥി ശരത്ചന്ദ്ര പ്രസാദിന്റെ മെയിൻ സ്റ്റൈല്‍ ഷർട്ടിലെ ഡബിള്‍ പോക്കറ്റാണ്. പണ്ട് എസ്‌എൻ കോളേജില്‍ എസ്‌എഫ്‌ഐക്കാരുമായി ഏറ്റുമുട്ടിയ പഴയ വിദ്യാർത്ഥി നേതാവിന്റെ പോരാട്ടവീര്യം ഇന്നും വസ്ത്രധാരണത്തിലും കാണാം. കാശ് കൂടുതലുള്ളത് കൊണ്ടാണോ ഈ ഡബിള്‍ പോക്കറ്റ് എന്ന് ചോദിച്ചാല്‍ ശരത് അണ്ണന് പറയാനുള്ളത് വികാരാധീനമായ മറുപടിയാണ്.
‘എന്റെ പോക്കറ്റില്‍ പൈസയൊന്നുമില്ല. പക്ഷേ ഒരു പോക്കറ്റിലെ പേഴ്സിനുള്ളില്‍ എന്റെ അമ്മയുടെയും അച്ഛന്റെയും ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെയും പടമുണ്ട്. യുദ്ധക്കളത്തേക്കാള്‍ ഭയാനകമായ രാഷ്ട്രീയത്തിലാണ് ഞാൻ നില്‍ക്കുന്നത്. അതുകൊണ്ട് അവരുടെ സംരക്ഷണം എനിക്കൊപ്പം വേണം. മറ്റൊരു പോക്കറ്റില്‍ ഒരു ചെറിയ ഡയറിയും കാണും.’ ഷർട്ട് തിരഞ്ഞെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം താടി ഒതുക്കാനാണ് താൻ ചെലവാക്കുന്നതെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു.
ഗിഫ്റ്റ് ഷർട്ടുകളും ചൈനീസ് കോളറും; വി മുരളീധരന്റെ ‘ക്ലീൻ’ ലുക്ക്
രണ്ട് താടിക്കാർക്കിടയില്‍ ക്ലീൻ ഷേവ് ചെയ്ത മുഖവുമായി നില്‍ക്കുന്ന ‘ഫിറ്റ്നസ് ഫ്രീക്ക്’ ആണ് വി. മുരളീധരൻ. വ്യായാമത്തിന്റെ കാര്യത്തില്‍ എന്നപോലെ വസ്ത്രധാരണത്തിലും അദ്ദേഹം വിട്ടുവീഴ്ച ചെയ്യാറില്ല. ചൈനീസ് കോളർ ഷർട്ടുകളാണ് മുരളീധരന്റെ പ്രിയപ്പെട്ട വേഷം. എന്നാല്‍ ഷർട്ട് വാങ്ങാൻ എത്ര രൂപ ചെലവാക്കും എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കുന്ന മറുപടി രസകരമാണ്.’സത്യം പറഞ്ഞാല്‍ ഞാൻ ഷർട്ടുകള്‍ വാങ്ങാറില്ല. സ്നേഹപൂർവ്വം ആരെങ്കിലും ഉപഹാരമായി നല്‍കുന്ന ഷർട്ടുകളാണ് ഞാൻ ധരിക്കുന്നത്. വർഷങ്ങളായി ഞാൻ ഷർട്ട് വാങ്ങിയിട്ടില്ല,’ അദ്ദേഹം പറയുന്നു. വി. മുരളീധരന്റെ മുഖത്തെ തിളക്കം കണ്ട് ഫേഷ്യല്‍ ചെയ്തതാണോ എന്ന് ചോദിക്കുന്നവരോട് ‘ഒരു ഫേഷ്യലുമില്ല’ എന്ന മറുപടിയിലൂടെ തന്റെ സ്വാഭാവിക ലൈഫ് സ്റ്റൈല്‍ അദ്ദേഹം വ്യക്തമാക്കി.
ടെക്കി മണ്ഡലത്തിലെ ഗ്ലാമർ പോരാട്ടം
മണ്ഡലത്തില്‍ സ്ഥാനാർത്ഥികളുടെ ഈ അപ്ഡേറ്റഡ് ലുക്ക് വോട്ടർമാർക്കിടയിലും ചർച്ചയാണ്. കേവലം രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കപ്പുറം, തങ്ങളെപ്പോലെ തന്നെ വസ്ത്രധാരണത്തിലും വ്യക്തിത്വത്തിലും ശ്രദ്ധാലുക്കളായ നേതാക്കളെ കാണുന്നത് യുവവോട്ടർമാരെ ആകർഷിക്കുന്നുണ്ട്. കട്ട രാഷ്ട്രീയത്തിനൊപ്പം ഈ ‘ഫാഷൻ പോരാട്ടവും’ കഴക്കൂട്ടത്തെ പ്രവചനാതീതമാക്കുന്നു.

















