കഷ്ടപ്പെടുന്നവന്റെയും കണ്ണീരൊഴുക്കുന്നവന്റെയും പക്ഷം നില്‍ക്കേണ്ട മാധ്യമപ്രവര്‍ത്തനത്തെ വെറും പണം തട്ടാനുള്ള ആയുധമാക്കുന്ന കള്ളനാണയങ്ങള്‍ വീണ്ടും സാംസ്‌കാരിക കേരളത്തിന് നാണക്കേടാവുന്നു.പോക്സോ കേസില്‍പ്പെട്ട് സമൂഹമധ്യത്തില്‍ തലയുയര്‍ത്താനാകാതെ നില്‍ക്കുന്ന ഒരു കുടുംബത്തിന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്ത് പത്തുലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യൂട്യൂബ് ചാനല്‍ സംഘത്തെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ‘വിസ്മയ ന്യൂസ്’, ‘ശ്രീ വ്‌ലോഗ്’ എന്നീ ഓണ്‍ലൈന്‍ ചാനലുകളുടെ പേരില്‍ ബ്ലാക്ക്മെയിലിങ് നടത്തിയ സംഘമാണ് പിടിയിലായത്.
വിസ്മയ ന്യൂസിന്റെ പ്രവര്‍ത്തകരായ അഗ്‌നി, അനീഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായ കള്ളനാണയങ്ങള്‍.നിയമപാലകരുടെ പേര് പറഞ്ഞ് പാവപ്പെട്ട കുടുംബത്തെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിട്ടാണ് ഈ സംഘം പണത്തിനായി കെണിയൊരുക്കിയത്. കേസിന്റെ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വഴി പ്രതിയുടെ അതീവ രഹസ്യമായ വീഡിയോ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നായിരുന്നു ഇവരുടെ പ്രധാന ഭീഷണി. ഈ ദൃശ്യങ്ങള്‍ തങ്ങളുടെ ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന സോഷ്യല്‍ മീഡിയ പേജുകളിലൂടെയും യൂട്യൂബ് ചാനലിലൂടെയും പരസ്യപ്പെടുത്തുമെന്നും, കുടുംബത്തെ ഒന്നടങ്കം തകര്‍ക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. സമൂഹത്തിലുണ്ടാകുന്ന വലിയ അവമതിപ്പ് ഓര്‍ത്ത് ഭയന്ന കുടുംബത്തിന്റെ കണ്ണീരുകണ്ടിട്ടും ഈ തട്ടിപ്പുസംഘം പിന്മാറിയില്ല.
ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കണമെങ്കില്‍ പത്തുലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്നായിരുന്നു ഇവരുടെ അന്ത്യശാസനം. ഇത്രയും വലിയ തുക നല്‍കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് കുടുംബം കരഞ്ഞുപറഞ്ഞെങ്കിലും, പണം തന്നില്ലെങ്കില്‍ നാളെ രാവിലെ ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കാണിക്കുമെന്ന ക്രൂരമായ നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. ഒടുവില്‍ മറ്റ് വഴിയില്ലാതെ വന്നതോടെ കുടുംബം അടൂര്‍ ഡിവൈ.എസ്.പി.യെ സമീപിച്ച് സങ്കടമുണര്‍ത്തിക്കുകയായിരുന്നു. പരാതിയുടെ ഗൗരവം ഉള്‍ക്കൊണ്ട് പോലീസ് അതിരഹസ്യമായി കെണിയൊരുക്കി.
പണം നല്‍കാമെന്ന് പറഞ്ഞ് പ്രതികളെ വിളിപ്പിച്ചു വരുത്തുകയായിരുന്നു. പണം വാങ്ങാനായി പോലീസ് നിര്‍ദ്ദേശിച്ച സ്ഥലത്ത് ആവേശത്തോടെ പാഞ്ഞെത്തിയ അഗ്‌നിയെയും അനീഷിനെയും സിവില്‍ ഡ്രസ്സില്‍ കാത്തുനിന്ന അടൂര്‍ പോലീസ് സംഘം വളഞ്ഞുപിടികൂടുകയായിരുന്നു. ഓണ്‍ലൈന്‍ ചാനലുകളുടെ വ്യാജ ഐഡി കാര്‍ഡുകളും മൈക്കുകളും ദുരുപയോഗം ചെയ്ത് ജനങ്ങളെ ഭയപ്പെടുത്തുന്നതാണ് ഇത്തരം സംഘങ്ങളുടെ രീതി എന്ന് പോലീസ് പറയുന്നു.
അറസ്റ്റിലായ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. തങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരാണ് വീഡിയോ ചോര്‍ത്തി നല്‍കിയതെന്ന് പ്രതികള്‍ മൊഴി നല്‍കിയ പശ്ചാത്തലത്തില്‍, അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുന്ന പോലീസിലെ കറുത്ത ആടുകളെ കണ്ടെത്താനും ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

















