മഹാരാഷ്ട്രയിലെ ഛത്താർപൂരില്‍ പൊതു ഇടത്ത് ഭർത്താവിനെ പരസ്യമായി തല്ലുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.ഛത്താർപൂരിലെ ആർടിഒ ഓഫീസിന് സമീപത്ത് തിരക്കേറിയ റോഡില്‍ യാത്രക്കാർ നോക്കി നില്‍ക്കെയായിരുന്നു യുവതിയുടെ മർദ്ദനം. ഇവരുടെ കുഞ്ഞും സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
ഒടുവില്‍ കണ്ട് നിന്നവർ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടു പോയതിന് ശേഷമാണ് പ്രദേശത്തെ ഗതാഗത നിയന്ത്രിക്കപ്പെട്ടതെന്നും റിപ്പോർട്ടില്‍ പറയുന്നു.
കഴുത്തിന് പിടിച്ച് തള്ളി, മുഖത്തടിച്ച്…
ഫ്രീ പ്രസ് മദ്ധ്യപ്രദേശ് എന്ന എക്സ് ഹാൻറിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മഹാരാഷ്ട്രയിലെ ഛത്താർപൂരില്‍ പൊതു സ്ഥലത്ത് വച്ച് ഭാര്യ ഭർത്താവിനെ മദ്ദിച്ചു. ചുഴറ്റി വലിച്ചെറിഞ്ഞുവെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ നിരവധി പേർ നോക്കി നില്‍ക്കെ ഭർത്താവിന്‍റെ കൈ പിടിച്ച് വച്ച് ഭാര്യ, അയാളുടെ മുഖത്ത് പല തവണ ആഞ്ഞ് അടിക്കുന്നത് കാണാം. ഇരുവരും തമ്മില്‍ ഇതിനിടെ വാക്കേറ്റവും നടക്കുന്നു. ഈ സമയമത്രയും ഭർത്താവ് കരയുന്നതും നിസഹായനായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. യുവതി, ഭർത്താവിനെ നിരന്തരം മുഖത്തടിച്ചിട്ടും കാഴ്ചക്കാരായി എത്തിയവരാരും തന്നെ വിഷയത്തില്‍ ഇടപെടാതെ മാറി നിന്ന് സംഭവം കണ്ട് ‘ആസ്വദിക്കുക’യായിരുന്നു. ഇതിനിടെ ചിലർ വന്ന് യുവതിയോട് സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കാഴ്ചക്കാരില്‍ ചിലർ സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിക്കുന്നതും കാണാം.
കുടുംബത്തർക്കം
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇരുവരുടെയും സംഘർഷം നീണ്ട് പോയതോടെ സമീപത്തെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ എത്തി ഇരുവരോടും റോഡില്‍ നിന്നും മാറി ഗതാഗത തടസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെന്നും എന്നാല്‍ ഇതിന് ഇവർ തയ്യാറാകാത്തതോടെ പ്രദേശവാസികള്‍ 112 ല്‍ വിളിച്ച് പോലീസ് സഹായം തേടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ട് പോയി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ആഗ്രയില്‍ നിന്നും തൊഴില്‍ അന്വേഷിച്ച് ഛത്താർപൂരില്‍ എത്തിയതാണ് ഇരുവരും എന്നും ഭാര്യയുടെ പേര് സുമൻ ചൗരസ്യയെന്നും ഭർത്താവ് ദേവ് ചൗരസ്യ എന്നാണെന്നും തിരിച്ചറിഞ്ഞു. റോഡിലെ സംഘർഷം നടക്കുമ്പോള്‍ ഇവരുടെ കുട്ടിയും അടുത്ത് ഉണ്ടായിരുന്നെന്നും ഇരുവരുടെയും പിടിവാശിയാണ് തർക്കത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു. വീഡിയോ വൈറലായതിന് പിന്നാലെ പുരുഷന്മാർക്കും ഭാര്യമാരില്‍ നിന്നും സുരക്ഷ വേണമെന്നും അടുത്ത നീല ഡ്രം എന്നുമുള്ള കുറിപ്പുകളും ഉയർന്നു.

















