മുംബൈയില്‍ ശക്തമായി തുടരുന്ന മഴയ്ക്കിടെ, വെള്ളം കയറിയ റെയില്‍വേ ട്രാക്കിലൂടെ വന്ദേ ഭാരത് എക്സ്പ്രസ് അതിശക്തമായി കടന്നുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.കഞ്ചൂർമാർഗിന് സമീപം പകർത്തിയതെന്ന് കരുതപ്പെടുന്ന ഈ വീഡിയോയില്‍, ട്രാക്കില്‍ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്തുകൂടി യാതൊരു തടസ്സവുമില്ലാതെ ട്രെയിൻ മുന്നോട്ട് കുതിക്കുന്നത് കാണാം. ട്രെയിൻ കടന്നുപോകുമ്പോള്‍ ട്രാക്കിലെ വെള്ളം ഇരുവശങ്ങളിലേക്കും ശക്തിയായി തെറിക്കുന്ന ദൃശ്യങ്ങള്‍ കാഴ്ചക്കാർക്ക് കൗതുകമുണർത്തുന്നതായിരുന്നു.

മുംബൈയിലെ മണ്‍സൂണ്‍ ദുരിതങ്ങള്‍ക്കിടയിലും ട്രെയിൻ കാണിച്ച ഈ കരുത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചരിക്കുകയാണ്. “ഒരു സിനിമാരംഗം പോലെ തോന്നുന്നു” എന്നാണ് പലരും ഈ വീഡിയോയെ വിശേഷിപ്പിച്ചത്. മുംബൈയുടെ മണ്‍സൂണ്‍ അതിജീവനത്തിന്റെ പ്രതീകമായാണ് പലരും ഈ വീഡിയോയെ കാണുന്നത്. മുബൈ നഗരം ഒരിക്കലും നിശ്ചലമാവില്ലെന്നും, ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ നഗരത്തിന് സാധിക്കുമെന്നും വീഡിയോ കണ്ടവർ അഭിപ്രായപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, വീഡിയോയെ പ്രശംസിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ച്‌ ആശങ്കപ്പെടുന്നവരും നിരവധിയാണ്. ശക്തമായ മഴക്കാലത്ത് റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തിനടിയിലാകുന്നത് പതിവാണെന്നും, ഇതിന് ശാശ്വതമായ പരിഹാരങ്ങള്‍ കണ്ടെത്താൻ അധികൃതർ മുൻകൈ എടുക്കണമെന്നും ചില ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നു. വന്ദേ ഭാരത് ട്രെയിനിന്റെ പ്രവർത്തനക്ഷമതയെ അഭിനന്ദിക്കുമ്പോഴും, മുംബൈയിലെ മഴക്കാലം വരുത്തിവെക്കുന്ന ദുരിതങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനങ്ങളും ഉയരുന്നുണ്ട്.

കനത്ത മഴയെത്തുടർന്ന് മുംബൈയിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. റെയില്‍വേ ഗതാഗതം മന്ദഗതിയിലായെങ്കിലും പലയിടത്തും സർവീസുകള്‍ തുടരുന്നുണ്ട്. അതേസമയം, മോശം കാലാവസ്ഥ മൂലം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകളെയും മഴ ബാധിച്ചു. നിരവധി വിമാനങ്ങള്‍ വൈകുകയും ചിലത് റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്യേണ്ടി വന്നിട്ടുണ്ട്. റെഡ് അലർട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് മുംബൈ നഗരം ഇപ്പോള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക