സിഎംആർഎല്‍ എക്സാലോജിക്സ് മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ മകള്‍ വീണ വിജയന്റെയും വസതികള്‍ ഉള്‍പ്പെടെ 12 കേന്ദ്രങ്ങളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കനത്ത സുരക്ഷയില്‍ മിന്നല്‍ പരിശോധന നടത്തി.റെയ്ഡില്‍ വീണ വിജയനുമായി ബന്ധപ്പെട്ട നിർണായക ബാങ്ക് രേഖകള്‍ പിടിച്ചെടുത്ത ഇ.ഡി, അവരുടെ മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തു.
കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ്, കണ്ണൂരിലെ പിണറായി വിജയന്റെ സ്വന്തം വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വസതിയിലും പുലർച്ചെയോടെ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്.
സേവനങ്ങളൊന്നും നല്‍കാതെ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്സ് സൊല്യൂഷൻസ് എന്ന കമ്പനിക്ക് സിഎംആർഎല്‍ വഴി കോടികള്‍ മാസപ്പടിയായി നല്‍കിയെന്ന കേസിലാണ് ഇ.ഡിയുടെ ഈ വിപുലമായ അന്വേഷണം നടന്നത്. റെയ്ഡിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വേരുകള്‍ കണ്ടെത്താൻ പ്രതികളുമായി ബന്ധപ്പെട്ട പ്രധാന ബാങ്ക് അക്കൗണ്ടുകളും ലോക്കർ സംവിധാനങ്ങളും ഇ.ഡി അടിയന്തരമായി മരവിപ്പിച്ചു.
ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ഫോണുകള്‍ ഇ.ഡി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ ഫോണുകളില്‍ നിന്നുള്ള ഡിജിറ്റല്‍ വിവരങ്ങളും പിടിച്ചെടുത്ത ബാങ്ക് രേഖകളും വിശദമായി പരിശോധിക്കുന്നതിലൂടെ കേസില്‍ അതീവ നിർണായകമായ വഴിത്തിരിവുകള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

















