കേരളത്തെ നടുക്കിയ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിനെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലും കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയും തമ്മില്‍ ഫെയ്സ്ബുക്കില്‍ കടുത്ത സൈബര്‍ വാക്‌പോര്.ഷുഹൈബ് വധക്കേസിന്റെ വിചാരണ നടപടികള്‍ക്കിടെ പ്രതിഭാഗം സാക്ഷികളെ ക്രോസ് വിസ്താരം നടത്താതെ കേസ് നീട്ടിക്കൊണ്ടുപോകാന്‍ നീക്കം നടത്തുന്നു എന്ന് വിലയിരുത്തി തിങ്കളാഴ്ച തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി തലശ്ശേരി സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
കോടതിയുടെ ഈ അടിയന്തര നടപടിക്ക് തൊട്ടുപിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആകാശിനെ പരിഹസിച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ ആദ്യ കുറിപ്പിട്ടത്.ആകാശ് തില്ലങ്കേരി മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്ന ഒരു ജിപ്പിന് മുകളില്‍ വളര്‍ത്തുനായ്‌ക്കൊപ്പം ഇരിക്കുന്ന ചിത്രത്തില്‍ നിന്ന് ആകാശിനെ ഡിജിറ്റലായി ഒഴിവാക്കി എഡിറ്റ് ചെയ്ത ചിത്രം സഹിതമായിരുന്നു രാഹുലിന്റെ പോസ്റ്റ്. ‘ഈ നായ്‌ക്കൊപ്പം കുരച്ചോണ്ട് ഇരുന്നവന്റെയും അവന്റെ കൂടെ ഷുഹൈബിനെ വേട്ടയാടാന്‍ പോയ തില്ലങ്കേരിയിലെ സകല എണ്ണത്തിന്റെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്. വിടാതെ വിടില്ല ഒരു കണക്കും’ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. കോണ്‍ഗ്രസ് അണികള്‍ ഈ പോസ്റ്റ് വലിയ രീതിയില്‍ ആഘോഷമാക്കുകയും ചെയ്തു.
എന്നാല്‍, കീഴ്ക്കോടതി വിധിക്ക് എതിരെ പ്രതികള്‍ അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ചതോടെ കഥ മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് തലശ്ശേരി കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യുകയും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ജയിലിന് പുറത്തിറക്കാന്‍ ഉത്തരവിടുകയും ചെയ്തു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഉടന്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിന് മറുപടിയുമായി ആകാശ് തില്ലങ്കേരിയും രംഗത്തെത്തി. ഒരു ജിപ്പിന് മുകളില്‍ കോഴി ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ആകാശിന്റെ പരിഹാസ പോസ്റ്റ്. മുന്‍പ് രാഷ്ട്രീയ സമരങ്ങളുടെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ പോയ സംഭവത്തെ മുന്‍നിര്‍ത്തിയായിരുന്നു ആകാശിന്റെ ട്രോള്‍. ‘ക്വാണ്ടം മെക്കാനിക്‌സ് അറിയാത്തത് കൊണ്ട് ജയിലില്‍ പോകേണ്ടി വന്ന കോഴി കൂവി എന്ന് കേട്ടു… തില്ലങ്കേരി സഖാക്കള്‍ പേടിച്ചുപോയി എന്ന് പറഞ്ഞേക്ക്…’ എന്നായിരുന്നു ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കില്‍ കുറിച്ചത്. രണ്ട് നേതാക്കളുടെയും പോസ്റ്റുകള്‍ക്ക് താഴെ അനുകൂലികളും പ്രതിപക്ഷ സൈബര്‍ അണികളും ചേരിതിരിഞ്ഞ് കടുത്ത കമന്റ് യുദ്ധമാണ് നടത്തുന്നത്.
ഇതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവെച്ച ചിത്രത്തിലെ നായയെക്കുറിച്ചുള്ള വൈകാരികമായ ഒരു കുറിപ്പും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി. ആകാശ് തില്ലങ്കേരിക്കൊപ്പം ചിത്രത്തിലുള്ള നായയുടെ പേര് ‘ബെല്ല’ എന്നാണെന്ന് സുജീഷ് കാക്കയങ്ങാട് എന്നയാള്‍ കുറിച്ചു. കുറച്ചുകാലം മുന്‍പ് തന്റെ വീട്ടില്‍ കയറിയ മാരകവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ ധീരമായി നേരിടുന്നതിനിടയില്‍ പാമ്പിന്റെ കടിയേറ്റാണ് ബെല്ല മരണപ്പെട്ടതെന്നും, എന്നാല്‍ ആ പാമ്പിനെ കടിച്ചുകീറി രണ്ട് കഷ്ണമാക്കിയ ശേഷമാണ് ബെല്ല മരണത്തിന് കീഴടങ്ങിയതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശി ഷുഹൈബ് 2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്ക്ക് മട്ടന്നൂര്‍ കീഴൂര്‍ തെരുവിലെ ‘ഉറി’ എന്ന തട്ടുകടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകരാല്‍ ക്രൂരമായി വെട്ടേറ്റു കൊല്ലപ്പെടുന്നത്. കോണ്‍ഗ്രസ് നടത്തിയ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ തലശ്ശേരി കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. കോടതി താല്‍ക്കാലികമായി ജാമ്യം റദ്ദാക്കിയെങ്കിലും ഹൈക്കോടതി ഇടപെടലില്‍ പ്രതികള്‍ക്ക് വീണ്ടും ജാമ്യം ലഭിക്കുകയായിരുന്നു.





