തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കീഴ്ഘടകങ്ങളുടെ നിശിത വിമർശനത്തില്‍ അമ്പരന്ന് സിപിഎം സംസ്ഥാന നേതൃത്വം.പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ വിമർശനം കടുപ്പിച്ച്‌ കൂടുതല്‍ പേർ രംഗത്ത്. സംസ്ഥാന നേതൃയോഗങ്ങള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കും.

എൻസിപിയിലെ കടുത്ത ഭിന്നതക്കിടെ കോഴിക്കോട് ജില്ലാ യോഗം ഇന്ന് ചേരും. യോഗത്തില്‍ മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ കടുത്ത വിമർശനം ഉയരാനാണ് സാധ്യത.അണപൊട്ടിയത് പോലെ വിമർശനങ്ങളുടെ വെള്ളപ്പാച്ചിലാണ് സിപിഎം യോഗങ്ങളില്‍ നടക്കുന്നത്. മറയില്ലാതെ സംസാരിക്കാനും മുൻ വിധിയില്ലാതെ കേള്‍ക്കാനും നേതൃത്വം തയാറാകണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ ആവശ്യം അംഗീകരിക്കപ്പെട്ടതോടെ സിപിഎമ്മില്‍ വീണ്ടും വിമർശിക്കാനുള്ള ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. തുറന്ന് വിമർശിക്കാമെന്ന് പറഞ്ഞപ്പോള്‍ നേതൃത്വം ഇത്രയേറെ വിമർശനങ്ങള്‍ പ്രതീക്ഷിച്ച്‌ കാണില്ലെന്നാണ് വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിണറായി വിജയനോട് മുൻകാലങ്ങളില്‍ മൗനം പാലിച്ചവരെല്ലാം തുറന്നടിച്ചു തുടങ്ങി. പിണറായി വിജയൻറെ ശൈലി,വെള്ളാപ്പള്ളിയെ പിന്തുണച്ചത്, പിണറായിക്ക് ധാർഷ്ട്യം എന്ന പ്രചരണം,തോറ്റിട്ടും എന്തിന് പ്രതിപക്ഷ നേതൃസ്ഥാനത്ത് വന്നു എന്നുള്ള ചോദ്യം അടക്കം ഉയർന്നുവന്നു കഴിഞ്ഞുപാർട്ടി യോഗങ്ങളില്‍ വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന മറ്റൊരാള്‍ സംസ്ഥാന സെക്രട്ടറി തന്നെ. തളിപ്പറമ്പില്‍ പി.കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർക്കാതിരുന്നതാണ് ഏറ്റവും വലിയ രീതിയില്‍ ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കൂടാതെ, എം. വി ഗോവിന്ദൻ നടത്തിയ പത്രസമ്മേളനങ്ങള്‍ പാർട്ടിക്ക് പരിക്കേല്‍പ്പിച്ചെന്ന് കുറ്റപ്പെടുത്തുന്നവരും ചില്ലറയല്ല.

എന്നാല്‍, തുറന്ന വിമർശനങ്ങള്‍ക്കുള്ള വേദി സ്വയം വിമർശനത്തിന് കൂടി ഉപയോഗപ്പെടുത്താതെ രണ്ട് വ്യക്തികളെ കേന്ദ്രീകരിച്ച്‌ മാത്രം ചർച്ചകള്‍ നീങ്ങുന്നു എന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിനുണ്ട്. കീഴ് ഘടകങ്ങളിലെ നേതാക്കള്‍ പണിയെടുത്തോ എന്ന ചോദ്യമാണ് നേതൃത്വം ഉന്നയിക്കുന്നത്. ജനങ്ങളുമായി ബന്ധപ്പെടേണ്ടവർ അത് ചെയ്യാത്തതാണ് പരാജയത്തിന്റെ ആക്കംകൂട്ടിയതെന്ന വിമർശനവും നേതൃ തലത്തിലുണ്ട്. വിവിധ ഘടകങ്ങളിലെ വിലയിരുത്തലിനു ശേഷം ജൂണ്‍ ആദ്യവാരം സംസ്ഥാന നേതൃ യോഗങ്ങള്‍ ചേർന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണങ്ങള്‍ വിശദമായി പരിശോധിക്കും. വീഴ്ച പറ്റിയതെല്ലാം തിരിച്ചറിഞ്ഞ് തിരുത്തി ശക്തമായി തിരിച്ചുവരുമെന്നാണ് നേതാക്കള്‍ പറയുന്നത്.

അതേസമയം, സംസ്ഥാനത്തില്‍ എൻസിപിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനും പാർട്ടിയുടെ മുന്നോട്ടുപോക്ക് ചർച്ച ചെയ്യാനുമായി എൻസിപി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് യോഗം ചേരും. എൻഡിഎ മുന്നണിയില്‍ തുടരണമെന്ന പിസി ചാക്കോ വിഭാഗത്തിന്റെ നിലപാടിനെതിരെ പുതിയ സംസ്ഥാന പാർട്ടി രൂപീകരിക്കണമെന്നാണ് എ.കെ ശശീന്ദ്രൻ അനുകൂലികളുടെ നിലപാട്. ഇതിന് കോഴിക്കോട് ജില്ലാ കമ്മിറ്റി പിന്തുണ അറിയിച്ചേക്കും.

യോഗത്തില്‍, സിറ്റിങ് സീറ്റായ എലത്തൂരിലെ തോല്‍വിയും ചർച്ചയാകും. എ. കെ ശശീന്ദ്രൻ വാശിപിടിച്ച്‌ സീറ്റില്‍ വീണ്ടും മത്സരിച്ചതാണ് തോല്‍വിക്ക് കാരണമെന്നാണ് ജില്ലാ കമ്മിറ്റിയില്‍ ഭൂരിപക്ഷ നിലപാട്. പുതിയ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് നേരത്തെ ജില്ലാ കമ്മിറ്റി പ്രമേയം അവതരിപ്പിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക