ആറന്മുളയില് വീണ ജോര്ജിനെ തോല്പ്പിച്ചത് പെരുമാറ്റമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില് വിമര്ശനം.മന്ത്രിയുടെ പ്രവര്ത്തനരീതി ജനങ്ങളില് നിന്ന് അകന്നുപോകുന്ന തരത്തിലുള്ളതായിരുന്നു.
പാര്ട്ടി പ്രവര്ത്തകര് ആവശ്യങ്ങള്ക്ക് വിളിച്ചാല് പോലും വീണ ജോര്ജ് ഫോണ് എടുക്കില്ല. അനാവശ്യ വിവാദങ്ങളില് സ്വയം തലവെച്ചുവെന്നും അവയെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്കാന് കഴിയാതെ പോയെന്നും വിമര്ശനമുയര്ന്നു.അതേസമയം, പേരാവൂരില് മത്സരിക്കേണ്ടിയിരുന്നത് പിണറായി വിജയന് ആയിരുന്നുവെന്നും വിമര്ശനമുയര്ന്നു.
ശൈലജ ടീച്ചറെ ഈഗോയുടെ പേരില് കുരുതി കൊടുത്തുവെന്നും യോഗത്തില് നേതാക്കള് പറഞ്ഞു. ഭരണരംഗത്തെ പോരായ്മകളും പാര്ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളുമാണ് പരാജയത്തിലേക്ക് നയിച്ചതെന്നും അംഗങ്ങള് ചൂണ്ടിക്കാട്ടി.
ശൈലജയെ വിജയസാധ്യതയുള്ള മറ്റൊരു മണ്ഡലത്തില് മത്സരിപ്പിക്കാമായിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തേക്ക് കൊണ്ടുവന്നതിലും അംഗങ്ങള്ക്കിടയില് വലിയ വിമര്ശനങ്ങള് ഉയര്ന്നു. മുഖ്യമന്ത്രി എന്ന നിലയില് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന് പോലും തയ്യാറാകാതിരുന്ന പിണറായി വിജയനെ എന്തിന് പ്രതിപക്ഷ നേതാവാക്കി.
പ്രായപരിധിയില് ഇളവ് നല്കിയത് മുഖ്യമന്ത്രിയാകുന്നതിനുവേണ്ടി മാത്രമാണ്. അതുകൊണ്ട് അടിയന്തരമായി മറ്റാരെങ്കിലും പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണം. ഇല്ലെങ്കില് കൂടുതല് തകര്ച്ചയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറിയേറ്റില് അഭിപ്രായമുയര്ന്നു.

















