കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പിണറായി വിജയനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോയില്‍ രൂക്ഷവിമർശനം.പിണറായി വിജയൻ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലായിരുന്നുവെന്ന ഭൂരിപക്ഷ നിലപാടാണ് പിബിയില്‍ ഉയർന്നത്.

മുഖ്യമന്ത്രി പദവിയില്‍ തുടർച്ചയായ പത്ത് വർഷം പൂർത്തിയാക്കിയ സാഹചര്യത്തില്‍ മാറിനില്‍ക്കുന്നതായിരുന്നു ഉചിതമെന്ന വികാരം ബംഗാളില്‍ നിന്നുള്ള നേതാക്കളും എ. വിജയരാഘവനും ഉള്‍പ്പെടെയുള്ളവർ പങ്കുവെച്ചു. എന്നാല്‍, തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമല്ലെന്നും മറിച്ച്‌ വർഗ്ഗശത്രുക്കള്‍ ഒന്നിച്ചതുകൊണ്ടാണെന്നുമുള്ള സ്ഥിരം ന്യായീകരണമാണ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പിബിയില്‍ ഉയർത്തിയത്. ഈ വാദത്തോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഔദ്യോഗിക ചർച്ചകള്‍ നടന്നില്ലെങ്കിലും പി.എ. മുഹമ്മദ് റിയാസിനെ പരിഗണിക്കണമെന്ന നിർദ്ദേശം അനൗദ്യോഗിക ചർച്ചകളില്‍ ഉയർന്നു. എന്നാല്‍ ഇതിനെതിരെ പിബിയിലെ യുവനേതാക്കളടക്കം കടുത്ത എതിർപ്പാണ് രേഖപ്പെടുത്തിയത്. തോല്‍വിക്ക് ശേഷവും കുടുംബവാഴ്ച തുടരുന്നു എന്ന ആരോപണത്തിന് ഇത് വളമിടുമെന്ന ആശങ്കയാണ് നേതാക്കള്‍ പങ്കുവെച്ചത്. സ്ഥാനാർത്ഥി നിർണ്ണയത്തില്‍ വന്ന ഗുരുതരമായ പാളിച്ചകള്‍ തോല്‍വിയുടെ ആഴം വർദ്ധിപ്പിച്ചുവെന്ന് പിബി വിലയിരുത്തി. കെ.കെ. ശൈലജയെ മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേക്ക് മാറ്റിയത് പരാജയത്തിന് കാരണമായ വലിയ അബദ്ധമാണെന്നും, ജനപ്രീതിയുള്ള നേതാക്കളെ ദുർബലമായ സീറ്റുകളിലേക്ക് മാറ്റിയത് തിരിച്ചടിയായെന്നും വിമർശനമുയർന്നു.

ഭരണത്തിനെതിരെയുള്ള ജനവികാരം തിരിച്ചറിയുന്നതില്‍ പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് ബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ തുറന്നടിച്ചു. പിണറായി വിജയന്റെ ശൈലിയും ഭരണത്തിലെ അമിത കേന്ദ്രീകരണവും ജനങ്ങളെ അകറ്റിയെന്ന് പിബിയിലെ ചില അംഗങ്ങള്‍ നിരീക്ഷിച്ചു. എം.വി. ഗോവിന്ദൻ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വടക്കൻ കേരളത്തിലെ ഉറച്ച കോട്ടകളില്‍ പോലും ഉണ്ടായ വിള്ളല്‍ പാർട്ടിക്കുള്ളിലെ അതൃപ്തിയുടെ തെളിവായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രി പദം ഒഴിഞ്ഞതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി സിപിഎമ്മില്‍ ഗ്രൂപ്പ് പോര് ശക്തമാകുകയാണ്. വരും ദിവസങ്ങളില്‍ സംസ്ഥാന കമ്മിറ്റിയില്‍ ഈ വിഷയങ്ങള്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്. പിണറായി യുഗത്തിന് ശേഷമുള്ള പാർട്ടിയുടെ ഭാവി സംബന്ധിച്ച്‌ വലിയ ആശങ്കയിലാണ് അണികളും നേതാക്കളും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക