കാത്തിരിപ്പുകള്‍ക്കെല്ലാം ഒടുവില്‍ നടൻ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയിട്ട് മൂന്ന് ദിവസം പിന്നിടുകയാണ്.ഇതിനകം തന്നെ ജനപ്രീതി നേടുന്ന നിയമങ്ങള്‍ അടക്കം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നീക്കം വിജയ് നടത്തി കഴിഞ്ഞു. ഇത് വലിയ തോതില്‍ ശ്രദ്ധനേടുകയും ചെയ്തു.
ഇതിനിടയില്‍ വിജയിയുടെ ജ്യോതിഷിയും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിന് സർക്കാർ ജോലി നല്‍കിയത് വിവാദത്തിന് വഴിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആയിട്ടാണ് റിക്കി രാധന്റെ നിയമനം. വിജയിയുടെ നടപടിയില്‍ രൂക്ഷ വിമർശനമാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി വിജയിയെ കടന്നാക്രമിച്ചിരിക്കുകയാണ് മുൻ ബിഗ് ബോസ് താരവും ആർട്ടിസ്റ്റുമായ ജൂലി. മുഖ്യമന്ത്രി ആയ ശേഷം നടത്തിയ ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞാണ് വിജയ്ക്ക് എതിരെ ജൂലി സംസാരിച്ചത്. “ഞങ്ങള്‍ പെരിയോരെ ഇഷ്ടപ്പെടുന്നവരാണ്. സനാദനത്തിന് എതിരായവരാണ്. പക്ഷേ നിങ്ങളുടെ വിശ്വാസങ്ങളെ ഞങ്ങള്‍ മാനിക്കുന്നുണ്ട്. അതിനെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തെ ആരാധിക്കരുതെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. കുമ്പിട്രോ സാമി എന്ന് പറയുന്നത് തെറ്റാണെന്നെ പറഞ്ഞിട്ടുള്ളൂ. എന്തായാലും പ്രധാനപ്പെട്ടൊരു ജോലി, അത്രയും പ്രധാനപ്പെട്ടൊരു ജ്യോത്സ്യന് കൊടുത്തിരിക്കുന്നു(പരിഹാസത്തോടെ). അയാള്‍ക്ക് കൊടുക്കുന്ന പ്രതിഫലം എവിടെ നിന്നാണ് വരുന്നത് ? അത് ഞങ്ങളുടെ നികുതി പണമല്ലേ?”, എന്ന് ജൂലി പറയുന്നു.
ഒപ്പം ജനങ്ങളുടെ നികുതിപ്പണം ഒരിക്കലും ദുർവിനിയോഗം ചെയ്യില്ലെന്ന് പ്രചരണ റാലിക്കിലെ വിജയ് പറയുന്നൊരു വീഡിയോയും ജൂലി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്ത് എത്തിയത്. പലരും ജൂലിയെ സപ്പോർട്ട് ചെയ്തെങ്കിലും ഭൂരിഭാഗം പേരും ജൂലിയ്ക്ക് എതിരെ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. വിജയ് തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നുവെന്ന് അറിഞ്ഞത് മുതല്‍ അദ്ദേഹത്തിനെതിരെ വലിയ വിമർശനങ്ങള്‍ ജൂലി പറയുന്നുണ്ടായിരുന്നു. വിജയിച്ചപ്പോള്‍, പ്രതിപക്ഷത്ത് ഡിഎംകെ ആണെന്നും അവർ ആ സ്ഥാനത്ത് ഇരിക്കുന്നത് എത്ര അപകടകരമാണെന്ന് വരും ദിവസങ്ങളില്‍ വിജയ്ക്ക് മനസിലാകുമെന്നും ജൂലി പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു.

















