നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സജി, എട്ടു വർഷം മുമ്പ് കാണാതായ തന്റെ പിതാവിനെയും വകവരുത്തിയെന്ന് സൂചന.പച്ചടി തോട്ടുവാക്കടയിലെ പുരയിടത്തില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ മനുഷ്യ അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെടുത്തു.
പച്ചടി പൊൻതിട്ടയില്‍ മേരിക്കുട്ടി (70), ഇവരുടെ മൂന്ന മകൻ റെജി (54) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി സജി എട്ടുവർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിനെയും കൊലപ്പെടുത്തി എന്ന സംശയത്തിന്റെ പുറത്താണ് പോലീസ് പരിശോധന നടത്തിയത്.
ഏപ്രില്‍ 28-ാം തീയതിയാണ് നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിനുസമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍പോയിരുന്ന മേരിക്കുട്ടിയുടെ ഇളയമകൻ സജിയെ പോലീസ് പിടികൂടുകയായിരുന്നു. ഏപ്രില്‍ നാലിനാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും, സഹോദരൻ റെജിയുമായുണ്ടായ തർക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നും പ്രതി സമ്മതിച്ചിരുന്നു.
എന്നാല്‍, അച്ഛൻ മാത്യുവിന്റെ തിരോധാനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സജി ആവർത്തിക്കുന്നുണ്ടെങ്കിലും പോലീസ് അത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. പിന്നാലെയാണ് പോലീസ് ഇന്ന് ഇവരുടെ പുരയിടത്തില്‍ മണ്ണുമാന്തി ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചത്. എട്ടുവർഷം മുമ്പാണ് മാത്യുവിനെ കാണാതായത്. അദ്ദേഹത്തെയും മകൻ സജി കൊന്ന് കുഴിച്ചുമൂടിയതാവാം എന്ന സംശയത്തിലാണ് പോലീസ്.
2018 മാർച്ച് അഞ്ചാംതീയതിയാണ് മാത്യുവിനെ കാണാതാവുന്നത്. അന്ന് പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ കാര്യമായ തുമ്പൊന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, മാത്യു ബസില്‍ കയറി പോകുന്നത് കണ്ടിരുന്നു എന്ന് ചിലർ മൊഴി നല്‍കുകയും ചെയ്തിരുന്നു. ശേഷം, കൃത്യമായ തെളിവുകള്‍ ലഭിക്കുന്ന ഘട്ടത്തില്‍ തുടരന്വേഷണം നടത്താം എന്ന് രേഖപ്പെടുത്തി പോലീസ് കേസ് ക്ലോസ് ചെയ്യുകയായിരുന്നു.
ഇപ്പോള്‍ പോലീസിന്റെ ചോദ്യംചെയ്യലില്‍ സജി ഇതുസംബന്ധിച്ച എന്തെങ്കിലും തരത്തിലുള്ള വിവരം നല്‍കിയിരിക്കാം എന്നാണ് നിഗമനം. അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സജി അമ്മയുടെയും സഹോദരന്റെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ട വീടിന്റെ പട്ടിക്കൂടിനടുത്തുള്ള പഴയ ചാണകക്കുഴിയുടെ ഭാഗത്തായി നടത്തിയ തിരച്ചിലിലാണ് അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെടുത്തത്. ഇത് മാത്യുവിന്റേത് തന്നെയാണെന്ന് തെളിഞ്ഞാല്‍ സജിക്കുമേല്‍ ഒരു കൊലപാതകക്കുറ്റം കൂടി ചുമത്തപ്പെടും.

















