തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) കന്നിയങ്കത്തില്‍ തന്നെ 107 സീറ്റുകളുമായി വലിയ ഒറ്റകക്ഷിയായി മാറി ദ്രാവിഡ രാഷ്ട്രീയത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.മത്സരിച്ച പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലും വിജയ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. എന്നാല്‍ ചട്ടപ്രകാരം 14 ദിവസത്തിനകം ഏതെങ്കിലും ഒരു സീറ്റ് അദ്ദേഹം രാജിവയ്ക്കേണ്ടതുണ്ട്.
ഡിഎംകെയുടെ പക്കലുണ്ടായിരുന്ന പെരമ്പൂരിലും ട്രിച്ചി ഈസ്റ്റിലുമാണ് വിജയ് അട്ടിമറി വിജയം നേടിയത്. പെരമ്പൂരില്‍ ഏകദേശം അരലക്ഷത്തോളം വോട്ടുകളുടെയും, ട്രിച്ചി ഈസ്റ്റില്‍ ഇരുപതിനായിരത്തിലധികം വോട്ടുകളുടെയും ഭൂരിപക്ഷം അദ്ദേഹത്തിനുണ്ട്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, വിജയ് പെരമ്പൂർ നിലനിർത്താനും ട്രിച്ചി ഈസ്റ്റ് ഒഴിയാനുമാണ് സാധ്യതയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെയെങ്കില്‍ ട്രിച്ചി ഈസ്റ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.
വിജയ് ഒഴിയുന്ന ട്രിച്ചി ഈസ്റ്റ് മണ്ഡലത്തില്‍ ടിവികെ സ്ഥാനാർത്ഥിയായി നടി തൃഷ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് തമിഴ്നാട്ടില്‍. വോട്ടെണ്ണല്‍ ദിനത്തില്‍ വിജയ്‌യെ അഭിനന്ദിക്കാൻ തൃഷ നേരിട്ടെത്തിയത് ഈ ചർച്ചകള്‍ക്ക് ആക്കം കൂട്ടി. ഇതോടൊപ്പം, താൻ പത്ത് വർഷത്തിനുള്ളില്‍ മുഖ്യമന്ത്രിയാകുമെന്ന് തൃഷ പണ്ട് തമാശയായി പറഞ്ഞ ഒരു പഴയ അഭിമുഖവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് വിജയ്‌യും തൃഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കിയിരുന്നു. എന്നാല്‍ വോട്ടെടുപ്പ് ദിനത്തില്‍ വിജയ് ചിത്രത്തിലെ പാട്ടിനൊപ്പം ചിത്രം പങ്കുവെച്ചും വിജയ്‌യുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചും തൃഷ വാർത്തകളില്‍ നിറഞ്ഞു. തൃഷ രാഷ്ട്രീയത്തിലിറങ്ങുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

















