ഷാർജയില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൈത്താങ്ങായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.ആശുപത്രി ബില്ല് അടയ്ക്കാൻ പണമില്ലാത്തതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ പ്രയാസത്തിലായ കുടുംബത്തിനായി സാദിഖലി തങ്ങള്‍ നടത്തിയ ഇടപെടലാണ് ആശ്വാസമായത്. കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലറായ സീമയാണ് ബന്ധുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ സാദിഖലി തങ്ങള്‍ സഹായിച്ച വിവരം ഫോസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.

സീമയുടെ സഹോദരീ ഭർത്താവിന്‍റെ ബന്ധു കാഞ്ഞങ്ങാട് അത്തിക്കോത്ത്‌ താമസിക്കുന്ന വേണുഗോപാല്‍ ആണ് ഷാർജയില്‍ മരണപ്പെട്ടത്. മാർച്ച്‌ 17 മുതല്‍ ഇദ്ദേഹം ഷാർജയില്‍ ബുർജീല്‍ ഹോസ്പിറ്റലില്‍ ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും തുടർന്ന് ചികിത്സയില്‍ ആയിരുന്നു. അന്ന് മുതല്‍ അദ്ദേഹത്തെ നാട്ടിലെത്തിക്കാൻ എംഎല്‍എ രാജഗോപാല്‍ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല. എന്നാല്‍ ഏതാനും ദിവസം മുമ്ബ് അദ്ദേഹം മരണപ്പെട്ടു. ഇൻഷുറൻസ് കവറേജ് ഇല്ലാത്തത്തിനാല്‍ മൂന്ന് ലക്ഷം ദിർഹം (ഏകദേശം എഴുപത്തിയഞ്ച് ലക്ഷം രൂപ) ആയിരുന്നു ആശുപത്രി ബില്‍. തുക അടച്ചു മൃതദേഹം ഏറ്റെടുക്കാൻ അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ക്ക് മാർഗ്ഗമുണ്ടായിരുന്നില്ല. ആശുപത്രി അധികൃതരെ കാര്യമറിയിച്ചപ്പോള്‍ രണ്ടു ലക്ഷത്തി പതിനേഴായിരം (217000) ദിർഹമാക്കി കുറച്ചു തന്നുവെങ്കിലും അതും അടക്കാൻ കുടുംബത്തിന് നിർവാഹമില്ലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് കുടുംബം തൃക്കരിപ്പൂരിലെ സ്ഥാനാർഥിയായ ശ്രീ സന്ദീപ് വാര്യരെ ബന്ധപ്പെട്ടു. അദ്ദേഹമാണ് കെഎംസിസി യെ ബന്ധപ്പെടാൻ നിർദ്ദേശിച്ചത്. തുടർന്ന് കെഎംസിസി നേതാക്കളുമായും മുസ്‌ലിം ലീഗ് നേതാക്കളായ കല്ലട്ര മാഹിൻ ഹാജി,എ കെ എം അഷ്‌റഫ്‌ (എം എല്‍ എ),അബു മഹിനബാദ്,ബഷീർ വെള്ളിക്കൊത്ത്,കെ കെ ബദറുദ്ദീൻ,എം പി ജാഫർ, റമീസ് എന്നിവരുമായും മറ്റും ബന്ധപ്പെട്ടു. സാദിഖലി തങ്ങളെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അവർ തങ്ങളെ കാണാൻ കുടുംബത്തിന് അവസരമുണ്ടാക്കി കൊടുത്തു. സ്വന്തം നിലയില്‍ തങ്ങളുമായും കെഎംസിസി നേതാവ് നിസാർ തളങ്കരയുള്‍പ്പെടെയുള്ളവരുമായും ബന്ധപ്പെടുകയും ചെയ്തു.

മണ്ഡലം മുസ്‌ലിം ലീഗ് നേതാക്കള്‍ സൗകര്യം ഏർപ്പെടുത്തിയത് അനുസരിച്ച്‌ കുടുംബാംഗമായ ആനന്ദ് , സുഹൃത്തുക്കളായ ധനേഷ് ഉണ്ണി പെരിയ, അനുരാജ് ആയക്കടവ് എന്നിവർ തങ്ങളെ നേരിട്ട് കാണുകയും ചെയ്തു. തങ്ങള്‍ ആശുപത്രി ഉടമയായ ഡോ. ഷംസീർ വയലിലുമായും അപ്പോള്‍ അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന രാജ്യസഭ മെമ്ബർ ഹാരീസ് ബീരാനുമായും ബന്ധപ്പെട്ട് കുടുംബത്തിന്‍റെ പ്രയാസം ബോധ്യപ്പെടുത്തുകയും ഷംസീർ വയലില്‍ ഉടനെ തന്നെ 2,17000 ദിർഹം ആയിരുന്ന ഹോസ്പിറ്റല്‍ ബില്ല് 40000 ദിർഹം മാത്രം അടച്ചു മൃതദേഹം വിട്ടു തരാൻ തയാറാവുകയും ചെയ്തു. ഹോസ്പിറ്റല്‍ ബില്‍ അടക്കാനുള്ള പണം സ്വരൂപിക്കാൻ ഇന്ത്യൻ അസോസിയേഷൻ ഷാർജ, തണല്‍,പ്രവാസി സംഘടനകള്‍, വെല്‍ഫയർ അസോസിയേഷനുകള്‍ എന്നിങ്ങനെ 13ഓളം സംഘടനകള്‍ മുന്നിട്ടിറങ്ങി. കൂടാതെ തങ്ങള്‍ കെഎംസിസി നേതാവ് നിസാർ തളങ്കരക്ക് നിർദ്ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനും തീരുമാനമായി.

മനുഷ്യത്വം കാണാൻ കഴിയുന്നത് ഇവിടെയാണെന്ന് സീമയുടെ കുറിപ്പില്‍ പറയുന്നു. ജാതിയുടെയും മതത്തിന്‍റെയും പേരില്‍ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ജനതയ്ക്ക് തങ്ങളുടെയും, തങ്ങള്‍ പറഞ്ഞപ്പോള്‍ അരക്കോടിയോളം രൂപ ഇളവ് ചെയ്യാൻ തയാറായ ഷംസീർ വയലിലിന്‍റെയും മനുഷ്യത്വപൂർണ്ണമായ ഇടപെടല്‍ നമ്മില്‍ ചിലർ സ്വാർത്ഥതക്ക് വേണ്ടി കെട്ടിയുയർത്തുന്ന ജാതി മത രാഷ്ട്രീയ സങ്കുചിതത്വത്തിന്‍റെ മതിലുകളെ ഭേദിക്കാനും വിതക്കുന്ന വിദ്വേഷത്തിന്‍റെ കനലുകള്‍ ഊതിക്കെടുത്താനും പര്യാപ്തമാണെന്നും സീമ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേർത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കും കെഎംസിസിക്കും മലയാളി അസോസിയേഷനും അവർ നന്ദി രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക