വിയ്യൂർ അതിസുരക്ഷാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ കാണാതായ സംഭവത്തില്‍ കർശന നടപടിയുമായി കൊച്ചി എൻഐഎ കോടതി.ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കോടതി നിരീക്ഷിച്ചു.

സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജയില്‍ ആൻഡ് കറക്ഷണല്‍ സർവീസസ് ഡയറക്ടർ ജനറലിന് കോടതി നിർദ്ദേശം നല്‍കി. വിയ്യൂർ ജയിലിലെ വിചാരണത്തടവുകാരനായ സി.ജി. രാജൻ നല്‍കിയ പരാതിയെത്തുടർന്നാണ് കോടതി ഇടപെടല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. താൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജയില്‍ ജോയിന്റ് സൂപ്രണ്ട് അത് ചവിട്ടിത്തെറിപ്പിച്ചുവെന്നായിരുന്നു രാജന്റെ പരാതി. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് കോടതി ഉത്തരവിട്ടെങ്കിലും, കൃത്യം ആ ഏഴ് മിനിറ്റിലെ ദൃശ്യങ്ങള്‍ മാത്രം അധികൃതർ ഹാജരാക്കിയില്ല.

വിചാരണത്തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥൻ മർദ്ദിച്ചുവെന്ന പരാതിയിലെ തെളിവ് നശിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് എൻഐഎ കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. 2023 ജൂണ്‍ 5-ന് രാവിലെ 9:10 മുതല്‍ 9:17 വരെ (ഏഴ് മിനിറ്റ്). സമയത്തുള്ള ദൃശ്യങ്ങളാണ് അപ്രത്യക്ഷമായത്. പരാതിയില്‍ പരാമർശിക്കുന്ന കൃത്യം നടന്ന സമയത്തെ ദൃശ്യങ്ങള്‍ മാത്രം ഇല്ലാത്തത് സംശയാസ്പദമാണ് എന്നും കോടതി നിരീക്ഷിച്ചു.

ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ജയിലില്‍ നിർണായക ദൃശ്യങ്ങള്‍ കാണാതാകുന്നത് ഗൗരവകരമാണ്. ഇത് സംരക്ഷിക്കുന്നതില്‍ ജയില്‍ അധികൃതർ പരാജയപ്പെട്ടുവെന്നും എൻഐഎ കോടതി ജഡ്ജി പി.കെ. മോഹൻദാസ് വ്യക്തമാക്കി.

ഭക്ഷണമല്ല, വെള്ളമാണ് ഉദ്യോഗസ്ഥൻ തട്ടിത്തെറിപ്പിച്ചതെന്ന് ഹരജിക്കാരൻ പിന്നീട് മൊഴി മാറ്റിയിരുന്നു. ഇത്തരത്തില്‍ പരാതിക്കാരന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് കോടതി വിലയിരുത്തി. എങ്കിലും, ജയിലിലെ സുരക്ഷാ സംവിധാനമായ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായത് കേവലമൊരു സാങ്കേതിക പിഴവായി കാണാനാവില്ലെന്നും, ഇത് ഭരണപരമായ വലിയ വീഴ്ചയാണെന്നും കോടതി വ്യക്തമാക്കി.

നേരത്തെ ഹൈക്കോടതിയും ഈ വിഷയത്തില്‍ സമാനമായ നിരീക്ഷണം നടത്തിയിരുന്നു. തുടർന്നാണ് കേസ് വിശദമായ അന്വേഷണത്തിനായി എൻഐഎ കോടതിയിലേക്ക് കൈമാറിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക