മുംബൈയില്‍ ബസ് കാല്‍നടയാത്രക്കാർക്കും വാഹനങ്ങള്‍ക്കുമിടയിലേക്ക് ഇടിച്ചുകയറിയ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ഡ്രൈവർ ബാഗുമായി പുറത്തേയ്ക്ക് ചാടുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുടക്കത്തില്‍ സാധാരണ ഗതിയില്‍ നീങ്ങിയിരുന്ന ബസ് പെട്ടെന്നാണ് ഗതി മാറി ഓടി തുടങ്ങിയത്.
ബസ് നിയന്ത്രണമില്ലാതെ ഓടുന്ന സമയത്ത് യാത്രക്കാർ പരിഭ്രമിക്കുന്നത് വീഡിയോയിലുണ്ട്. ബസ് ഇടിച്ച് നിർത്തിയതിന് പിന്നാലെ നിരവധി യാത്രക്കാർ വിൻഡോയിലൂടെ പുറത്തേക്ക് ചാടുന്നത് ദൃശ്യങ്ങളിലുണ്ട്. ബസ് ഡ്രൈവർ ബാഗുമായി വിൻഡോ വഴി പുറത്തേയ്ക്ക് ചാടുന്നതും വീഡിയോയില്‍ വ്യക്തമാണ്.
അപകടത്തില്‍ ഏഴ് പേർ മരിക്കുകയും 42 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി കുർളയിലെ ബിഎംസിഎല്‍ വാർഡിന് സമീപമായിരുന്നു സംഭവം. ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടത്തില്‍ നിരവധി കാറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും കേടുപാടുണ്ടായിരുന്നു.
ഡ്രൈവർക്ക് വേണ്ടത്ര പരിശീലനം ലഭിക്കാത്തത് എന്നായിരുന്നു പ്രാഥമിക നിഗമനം. അപകടം നടന്നയുടൻ ബസ് പരിശോധിച്ചതില്‍ നിന്നും ബ്രേക്കുകള്‍ക്ക് കുഴപ്പം കണ്ടെത്താനായിരുന്നില്ല.ഡ്രൈവർക്ക് ഓട്ടമാറ്റിക് ബസുകള്‍ കൈകാര്യം ചെയ്യാനുളള പരിചയക്കുറവും ശ്രദ്ധക്കുറവും മൂലമാണ് അപകടമെന്നാണ് കണ്ടെത്തല്‍.
ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുർള റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അന്ധേരിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ ബസിൻ്റെ ചില്ലുകള്‍ തകർന്നു. പരിക്കേറ്റവരെയെല്ലാം ഭാഭ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാരിനെ സമീപിക്കുമെന്ന് കുർള നിയമസഭാംഗം മങ്കേഷ് കുടല്‍ക്കർ നേരത്തെ അറിയിച്ചിരുന്നു.

















