മുംബൈ ഐഐടി ബോംബെ ക്യാമ്പസിലെ സ്റ്റാഫ് ഹോസ്റ്റല്‍ ഏരിയയില്‍ പുലിയുടെ ആക്രമണം. ജൂണ്‍ 19-ന് പുലർച്ചെ രണ്ട് മണിയോടെയാണ് ക്യാമ്പസിനുള്ളില്‍ വെച്ച്‌ പുലി ഒരു തെരുവുനായയെ ആക്രമിച്ച്‌ കൊന്നത് .ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെ വിദ്യാർത്ഥികളും ജീവനക്കാരും പ്രദേശവാസികളും വലിയ ആശങ്കയിലാണ്.

വനമേഖലയോട് ചേർന്ന് കിടക്കുന്ന ഐഐടി ക്യാമ്പസില്‍ ഇത്തരം സംഭവങ്ങള്‍ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, താമസസ്ഥലങ്ങള്‍ക്ക് ഇത്രയും അടുത്ത് പുലി എത്തിയത് വലിയ സുരക്ഷാ ഭീഷണിയായാണ് എല്ലാവരും കാണുന്നത്.സിസിടിവി ദൃശ്യങ്ങളില്‍, ഒരു തെരുവുനായ സ്റ്റെയർകേസിന് അരികില്‍ നില്‍ക്കുന്നത് കാണാം. എന്തോ അപകടം മണത്തതുപോലെ അസ്വസ്ഥനായി നില്‍ക്കുന്ന നായയ്ക്ക് നേരെ നിമിഷങ്ങള്‍ക്കുള്ളില്‍ പുലി ചാടിവീഴുകയായിരുന്നു. ഏതാനും സെക്കൻഡുകള്‍ക്കുള്ളില്‍ നായയെ കീഴ്പ്പെടുത്തിയ പുലി, അതിന്റെ കഴുത്തില്‍ പിടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ഇരുട്ടിലേക്ക് മറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ, രാത്രികാലങ്ങളില്‍ ക്യാമ്പസിനുള്ളില്‍ നടക്കാൻ പോലും ആളുകള്‍ ഭയക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പവായ് പ്രദേശം വനത്തോട് ചേർന്നുകിടക്കുന്നതിനാല്‍ പുലികളുടെ സാന്നിധ്യം ഇവിടെ സാധാരണമാണ്. എങ്കിലും, ജനവാസമേഖലയില്‍ ഇത്തരം ആക്രമണങ്ങള്‍ ആവർത്തിക്കുന്നത് അധികൃതർ ഗൗരവമായി എടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വിദ്യാർത്ഥികളുടെയും വളർത്തുമൃഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും, വനംവകുപ്പിന്റെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കാനും ക്യാമ്പസ് അധികൃതർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ശാശ്വതമായ പരിഹാരങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക