ഫാൻസി വാഹന നമ്പർ ലേലങ്ങളില്‍ ഉയർന്ന തുക വിളിച്ച ശേഷം പിന്മാറുന്ന പ്രവണതയ്ക്ക് ഇനി കർശന നിയന്ത്രണം.ലേലത്തില്‍ ഉറപ്പിച്ച തുക അടയ്ക്കാതെ ഒഴിവാകാൻ ശ്രമിച്ചാല്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. പണമടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നോട്ടീസ് നേരിട്ട് വീട്ടിലെത്തും. ഫാൻസി നമ്പർ ലേലത്തില്‍ പങ്കെടുത്ത ശേഷം തുക അടയ്ക്കാതെ ഒഴിഞ്ഞ് മാറുന്നവരെ നിയന്ത്രിക്കാൻ ഹൈക്കോടതി ഇടപെടലോടെ നടപടികള്‍ ശക്തമാക്കി.

കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ ഒരു ആർടി ഓഫിസില്‍ നടന്ന ലേലത്തിലാണ് സംഭവം. ഒരു ഫാൻസി നമ്പറിനായി ആറ് പേർ പങ്കെടുത്ത വാശിയേറിയ ലേലത്തില്‍ ഒരാള്‍ അഞ്ച് ലക്ഷം രൂപയ്ക്ക് നമ്പർ സ്വന്തമാക്കി. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ആ നമ്പർ വേണ്ടെന്നും പകരം 3000 രൂപയുടെ സാധാരണ നമ്പർ മതിയെന്നുമാണ് ഇയാള്‍ അധികൃതരെ അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പിന്നാലെ ഹൈക്കോടതിയുടെ നിലപാട് നിർണായകമായി. ലേലത്തില്‍ പങ്കെടുത്ത് തുക വിളിച്ചാല്‍ അത് നിയമപരമായ ബാധ്യതയാണെന്നും, ഉറപ്പിച്ച തുക അടയ്ക്കേണ്ടത് നിർബന്ധമാണെന്നും കോടതി വ്യക്തമാക്കി. സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട ഇഷ്ട നമ്പറുകള്‍ക്കായി ലേലം നടക്കുമ്പോള്‍, ചിലർ വാർത്തകളില്‍ ഇടം നേടാനായി വലിയ തുക വിളിച്ച്‌ പിന്നീട് പിന്മാറുന്ന പ്രവണത ഉണ്ടായിരുന്നു. ഇതിലൂടെ സർക്കാരിന് വരുമാന നഷ്ടം സംഭവിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു.

പുതിയ നമ്പർ അനുവദിക്കാമെന്നുണ്ടെങ്കിലും, ലേലത്തില്‍ ഉറപ്പിച്ച അഞ്ച് ലക്ഷം രൂപ അടയ്ക്കേണ്ടതാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ലേലത്തില്‍ കൂടുതല്‍ തുക വിളിച്ച വ്യക്തി പിന്നീട് ആ നമ്പർ വേണ്ടെന്നുവെച്ചാലും വിളിച്ച തുക അടയ്ക്കേണ്ടത് നിയമ ബാധ്യതയാണ്. വീഴ്ച വരുത്തിയാല്‍ അത് റവന്യൂ കുടിശ്ശികയായി കണക്കാക്കി ഈടാക്കും. തുക അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. ഇതോടെ ‘ഷോ’ക്കായി ലേലത്തില്‍ ഇറങ്ങുന്നവർക്ക് കർശന മുന്നറിയിപ്പായി ഈ നടപടി മാറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക