പതിമൂന്ന് വര്‍ഷം മുന്‍പ് കണ്ണൂര്‍ തിമിരിയില്‍ ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ബോംബേറ് കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി.സിപിഎം മുന്‍ ആലക്കോട് ഏരിയ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി.വി. ബാബുരാജ് അടക്കം 10 പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷാവിധി കോടതി നാളെ പ്രഖ്യാപിക്കും.
2011 നവംബര്‍ 27-നാണ് നാടിനെ നടുക്കിയ ഈ അക്രമ സംഭവം നടന്നത്. തിമിരി പ്രദേശത്ത് ആര്‍എസ്‌എസ് ശാഖ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. സംഭവത്തിന് തലേദിവസം പ്രദേശത്ത് സിപിഎം-ആര്‍എസ്‌എസ് സംഘര്‍ഷം നിലനിന്നിരുന്നു. ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജെപി-ആര്‍എസ്‌എസ് പ്രവര്‍ത്തകരെ ഡിസ്ചാര്‍ജ് ചെയ്ത് വാഹനത്തില്‍ വീട്ടിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനിടെയാണ് ആസൂത്രിതമായ അക്രമം ഉണ്ടായത്.
തിമിരി ഔവര്‍ കോളേജിന് സമീപം വെച്ച് മുപ്പതോളം പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നു. അക്രമത്തില്‍ ഒമ്പത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെറുപുഴ സ്വദേശികളായ ഇ.വി. രാമചന്ദ്രന്‍, എ.ടി. സന്തോഷ്, ചന്ദ്രന്‍, ജോജി ഫിലിപ്പ്, ലാല്‍കൃഷ്ണന്‍, എം.സി. നാരായണന്‍, എം.കെ. മുരളി, ഷിജില്‍ എന്നിവര്‍ക്കാണ് സാരമായ പരിക്കേറ്റത്. ദീര്‍ഘകാലം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ യു. രമേശന്‍ ഹാജരായി.
രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ ബോംബെറിഞ്ഞ് ജീവന്‍ അപായപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. കോടതിയുടെ ഈ കണ്ടെത്തല്‍ അക്രമ രാഷ്‌ട്രീയത്തിനേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

















