പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക തീവ്ര പരിഷ്കരണ നടപടികളിലൂടെ പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ഇടക്കാല വോട്ടവകാശം നല്‍കാൻ വിസമ്മതിച്ച് സുപ്രീം കോടതി.വോട്ടർ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ അനുമതി നല്‍കണമെന്ന ഹർജികള്‍ കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി തള്ളിയത്.
അപ്പീലുകള്‍ തീർപ്പാക്കാൻ ബാക്കിയുള്ള പശ്ചാത്തലത്തില്‍ വോട്ടവകാശം അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ഏകദേശം 34 ലക്ഷം അപ്പീലുകള്‍ ഇപ്പോഴും പരിഗണനയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അപ്പീലുകള്‍ തീർപ്പുകല്‍പ്പിക്കുന്നതിന് മുൻപ് വോട്ട് ചെയ്യാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അസ്ഥിരപ്പെടുത്തിയേക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
നടപടിക്രമങ്ങള്‍ പാലിക്കാതെ വോട്ട് ചെയ്യാൻ അനുമതി നല്‍കാനാവില്ലെന്ന് ബെഞ്ച് പ്രത്യേകം വ്യക്തമാക്കി. ഏകദേശം 91 ലക്ഷത്തോളം വോട്ടർമാരുടെ പേരുകള്‍ ആണ് പശ്ചിമബംഗാളിലെ എസ്‌ഐആർ പ്രക്രിയയിലൂടെ നീക്കം ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ സുപ്രധാന വിധി വന്നിരിക്കുന്നത്.

















