ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ നിയമനടപടിയുമായി ജമാഅത്തെ ഇസ്ലാമി. ശ്രീനിവാസൻ വധക്കേസില്‍ സംഘടനയ്ക്ക് പങ്കുണ്ടെന്നും ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്നുമുള്ള ശോഭാ സുരേന്ദ്രന്റെ പരാമർശത്തിനെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.വിവാദ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസിലെ പ്രധാന ആവശ്യം.
തിരഞ്ഞെടുപ്പ് വേളയില്‍ വോട്ടിനായി പണം നല്‍കിയെന്ന വാർത്തകളില്‍ നിന്ന് പൊതുശ്രദ്ധ തിരിക്കാനാണ് ശോഭാ സുരേന്ദ്രൻ ഇത്തരമൊരു നീക്കം നടത്തിയതെന്ന് ജമാഅത്തെ ഇസ്ലാമി ആരോപിക്കുന്നു. സമൂഹത്തില്‍ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണ് വ്യാജ ആരോപണമെന്നും സംഘടന വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
ശ്രീനിവാസൻ വധക്കേസുമായി സംഘടനയെ ബന്ധിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുൻനിർത്തിയുള്ളതാണെന്നുമാണ് സംഘടനയുടെ നിലപാട്. വക്കീല്‍ നോട്ടീസിനോട് ഇതുവരെ ശോഭാ സുരേന്ദ്രൻ പ്രതികരിച്ചിട്ടില്ല.

















