ഇന്ത്യയില്‍ ഭീകരപ്രവർത്തനങ്ങള്‍ക്കായി സ്ത്രീകളുടെ പടയൊരുക്കം നടത്തിയ ഹൈദരാബാദ് സ്വദേശിനിയായ ഇൻഫ്ലുവൻസർ ആന്ധ്രാപ്രദേശ് പൊലീസിന്റെ പിടിയിലായി.ഐഎസ്‌ഐഎസ് (ISIS), അല്‍-ഖായ്ദ (AQIS) തുടങ്ങിയ ഭീകരസംഘടനകളിലേക്ക് യുവാക്കളെയും സ്ത്രീകളെയും റിക്രൂട്ട് ചെയ്തിരുന്ന സയീദ ബേഗത്തെയാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ രഹസ്യ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയിലൂടെ ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിക്കാൻ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്ത സയീദയുടെ അറസ്റ്റ് രാജ്യസുരക്ഷയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 42 സ്ത്രീകളെ സയീദ ഇതിനോടകം ഭീകരശൃംഖലയുടെ ഭാഗമാക്കിയെന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ടുകള്‍.
വീട്ടുജോലിക്കാരിയെന്ന വ്യാജേന കഴിഞ്ഞിരുന്ന സയീദ ബേഗം, ‘ഖവാത്തീൻ’ എന്ന പേരില്‍ ഭീകരസംഘടനയുടെ ഒരു വനിതാവിഭാഗം രൂപീകരിക്കാൻ പദ്ധതിയിട്ടിരുന്നു. ഇതിന്റെ നേതൃത്വം ഏറ്റെടുത്ത് രാജ്യത്തുടനീളം സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്താനായിരുന്നു സംഘത്തിന്റെ ഗൂഢാലോചന. റൈഫിളുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നതിനായി സ്ത്രീകള്‍ക്ക് പ്രത്യേക പരിശീലന ക്ലാസുകള്‍ ഇവർ സംഘടിപ്പിച്ചിരുന്നു. സക്കീർ നായിക്കിനെപ്പോലുള്ളവരുടെ പ്രസംഗങ്ങളും അല്‍-ഖായ്ദ ഭീകരരുടെ വീഡിയോകളും പ്രചരിപ്പിക്കുന്ന ഓണ്‍ലൈൻ ഗ്രൂപ്പുകളില്‍ സയീദ സജീവമായിരുന്നു. പാകിസ്ഥാൻ കേന്ദ്രമായുള്ള ഭീകരസംഘടനകളുമായും ഇവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നതായി ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.

















