2021ലെ തിരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയില്‍ നേട്ടം കൊയ്തത് എല്‍ഡിഎഫായിരുന്നു. 14 സീറ്റുകളില്‍ 13ഉം വിജയിച്ചുകയറിയാണ് ഇടതുമുന്നണി ആ നേട്ടം കൈവരിച്ചത്.കോവളം മണ്ഡലം ഒഴികെ മറ്റെല്ലായിടത്തും ഇടതു മുന്നണി വിജയിച്ചു. കഴിഞ്ഞ തവണത്തെ നേട്ടം കൈവരിക്കാന്‍ ഇത്തവണ എല്‍ഡിഎഫിനു സാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. തങ്ങളുടെ കൈയില്‍ നിന്നും വഴുതിപ്പോയ മണ്ഡലങ്ങളെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണ് യുഡിഎഫിനുള്ളത്.
എന്നാല്‍ ബിജെപി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. യുഡിഎഫിന് പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളിലെല്ലാം പരാജയകാരണമായി വിലയിരുത്തപ്പെടുന്നത് ബിജെപിയുടെ വളര്‍ച്ചയാണ്. അതേസമയം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അതേസമയം ബിജെപിയാകട്ടെ തലസ്ഥാനത്തെ കോര്‍പ്പറേഷന്‍ ഭരണം ആദ്യമായി പിടിച്ചെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ്. ഇത്തവണ തലസ്ഥാനത്ത് കുറഞ്ഞത് നാലു സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.
2025-ല്‍ നടന്ന കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ ഫലങ്ങള്‍ ചരിത്രപരമായ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. പ്രധാനമായും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി നേടിയ വിജയം ശ്രദ്ധേയമായി. എല്‍ഡിഎഫിന് വെറും 29 സീറ്റുകള്‍ മാത്രമേ നേടാനായൊള്ളൂ. യുഡിഎഫിന് 19 സീറ്റുകളും. ജില്ലാ പഞ്ചായത്തില്‍ 15 സീറ്റുകള്‍ നേടി എല്‍.ഡി.എഫ് അധികാരം നിലനിര്‍ത്തി. ജില്ലയിലെ നാല് നഗരസഭകളിലും എല്‍ഡിഎഫിനാണ് മേല്‍ക്കൈ ലഭിച്ചത്.
ജില്ലയിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും എല്‍.ഡി.എഫ് ആണ് മുന്നിലെത്തിയത്. എങ്കിലും യു.ഡി.എഫും ബി.ജെ.പിയും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി. ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഭൂരിഭാഗവും എല്‍.ഡി.എഫ് നിലനിര്‍ത്തി. ചുരുക്കത്തില്‍ കോര്‍പ്പറേഷന്‍ ഭരണത്തില്‍ ബി.ജെ.പി വലിയ മുന്നേറ്റം നടത്തിയപ്പോള്‍, ഗ്രാമപ്രദേശങ്ങളിലും ജില്ലാ പഞ്ചായത്തിലും എല്‍.ഡി.എഫ് തങ്ങളുടെ ആധിപത്യം നിലനിര്‍ത്തി. യു.ഡി.എഫ് കോര്‍പ്പറേഷനിലും നഗരസഭകളിലും കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി.

















