വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടർമാർക്ക് വലിയ ആശ്വാസവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവർക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവർക്കും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാൻ ഇനി പോളിങ് ബൂത്തുകളില്‍ ക്യൂ നില്‍ക്കേണ്ടതില്ല. സമ്മതിദായകർക്ക് സ്വന്തം വീട്ടില്‍ വെച്ച്‌ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള ‘ഹോം വോട്ടിങ്’ സൗകര്യം സംസ്ഥാനത്ത് സജീവമാകുന്നു.

85 വയസ്സ് പിന്നിട്ട മുതിർന്ന പൗരന്മാർക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാർക്കുമാണ് ഈ പ്രത്യേക സേവനത്തിന് അർഹതയുള്ളത്. ഏകദേശം നാല് ലക്ഷത്തോളം വോട്ടർമാർ കേരളത്തില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഈ നടപടികള്‍ പൂർത്തിയാക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹോം വോട്ടിങ് സൗകര്യം ആവശ്യമുള്ള അർഹരായ വോട്ടർമാർ നിശ്ചിത സമയത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ’12 ഡി’ (Form 12D) എന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്. ഓരോ പ്രദേശത്തെയും ബൂത്ത് ലെവല്‍ ഓഫീസർമാർ നേരിട്ട് വീടുകളിലെത്തി ഈ ഫോമുകള്‍ വിതരണം ചെയ്യുകയും വോട്ടർമാർക്ക് അവ പൂരിപ്പിച്ചു നല്‍കാനുള്ള സഹായങ്ങള്‍ ചെയ്യുകയും ചെയ്യും. ഇതുകൂടാതെ ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസർമാർ വഴിയും ഈ ഫോം ലഭ്യമാകും.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഒരു പ്രത്യേക സംഘമായിരിക്കും വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടർമാരുടെ വീടുകളില്‍ എത്തുക. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികള്‍ക്കും ഈ നടപടിക്രമങ്ങള്‍ നിരീക്ഷിക്കാൻ അവസരമുണ്ടാകും. വോട്ടിന്റെ രഹസ്യസ്വഭാവം പൂർണ്ണമായും ഉറപ്പുവരുത്താൻ താല്‍ക്കാലിക വോട്ടിങ് കമ്പാർട്ട്മെന്റ് വീട്ടില്‍ സജ്ജമാക്കുകയും, രേഖപ്പെടുത്തിയ ബാലറ്റുകള്‍ ഉടനടി സീല്‍ ചെയ്ത ബോക്സുകളില്‍ ശേഖരിക്കുകയും ചെയ്യും.

ഒരിക്കല്‍ ഹോം വോട്ടിങ്ങിനായി അപേക്ഷ നല്‍കി അംഗീകരിക്കപ്പെട്ടവർക്ക് പിന്നീട് പോളിങ് ദിനത്തില്‍ ബൂത്തില്‍ പോയി വോട്ട് ചെയ്യാൻ സാധിക്കില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഉദ്യോഗസ്ഥർ എത്തുന്ന സമയം വോട്ടർമാരെ മുൻകൂട്ടി അറിയിക്കും. ജനാധിപത്യം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷന്റെ ഈ സുപ്രധാന നീക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക