മൊബൈല്‍ ഉപഭോക്താക്കള്‍ക്കളെ പ്രയാസത്തിലാക്കിയിരുന്ന ’28’ ദിന റീചാര്‍ജ്ജ് പ്ലാന്‍ അവസാനിക്കുന്നു.30 ദിവസത്തെ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നിലവിലെ 28 ദിവസത്തെ പ്ലാനുകള്‍ മൂലമുണ്ടാകുന്ന അസൗകര്യങ്ങളില്‍ ഉപയോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആശങ്കകള്‍ കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ നടപടി. ഇത് സംബന്ധിച്ച്‌ നിരന്തരമായി ആവശ്യം ഉയര്‍ന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ നിന്നുള്ള എം.പി കൊടിക്കുന്നില്‍ സുരേഷ് ഇക്കാര്യം നേരത്തെ ഉന്നയിച്ചിരുന്നു. പാര്‍ലമെന്റില്‍ താന്‍ ഉയര്‍ത്തിയ ആവശ്യത്തിനാണ് ഇപ്പോള്‍ ഫലമുണ്ടായിരിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ആം ആദ്മി പാര്‍ട്ടി എം.പി രാഘവ് ഛദ്ദയും രാജ്യസഭയില്‍ അടുത്തിടെ ഈ വിഷയം ഉന്നയിച്ചിരുന്നു. 28 ദിവസത്തെ റീചാര്‍ജ് പ്ലാനുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഈ പദ്ധതികള്‍ ഉപഭോക്താക്കളെ വര്‍ഷത്തില്‍ കൂടുതല്‍ തവണ റീചാര്‍ജ് ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത് അവരുടെ മൊത്തം ചെലവ് വര്‍ധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി.

ഈ നിര്‍ദ്ദേശം അംഗീകരിച്ച കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ 30 ദിവസത്തെ വാലിഡിറ്റി പ്ലാനുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ടെലികോം ദാതാക്കളോട് നിര്‍ദ്ദേശിക്കുകയായിരുന്നു. അതേസമയം, ഈ പ്ലാനുകളുടെ വില എത്രയാണെന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യവും മറ്റ് നിബന്ധനകളും വ്യവസ്ഥകളും ടെലികോം ദാതാക്കള്‍ക്ക് തീരുമാനിക്കാനാവുമെന്നാണ് സൂചന.

കൊടിക്കുന്നില്‍ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാജ്യത്തെ ടെലികോം മേഖലയില്‍ നടന്നുവന്നിരുന്ന 28 ദിവസത്തെ ബില്ലിംഗ് സൈക്കിള്‍ തട്ടിപ്പിനെതിരെ പാര്‍ലമെന്റിന്റെ വിന്റര്‍ സെഷനില്‍ 2025 ഡിസംബര്‍ 17ന് വിഷയം ലോക്‌സഭയില്‍ അണ്‍സ്റ്റാര്‍ ചോദ്യമായി ഉന്നയിക്കുകയും കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിനു വേണ്ടി സഹമന്ത്രി ഡോ.പെമ്മ സാനി ചന്ദ്രശേഖര്‍ നല്‍കിയ മറുപടിയും ചേര്‍ക്കുന്നു.

രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന ഈ വിഷയം ആദ്യമായി ലോക്‌സഭയില്‍ ഞാനാണ് ഉന്നയിച്ചത്. തുടര്‍ന്ന് ഫോളോ അപ്പ് എന്ന നിലയില്‍ പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളന കാലയളവില്‍ 2026 മാര്‍ച്ച്‌ 11 ന് വീണ്ടും വിഷയം ഉന്നയിച്ചു. ഈ കാലയളവില്‍ ആവശ്യമായ അനുകൂല നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട മന്ത്രാലയവും മന്ത്രിയും ഉറപ്പു നല്‍കിയിരുന്നു. ഈ വിവരം നേരത്തെ തന്നെ പങ്കുവെച്ചിട്ടുള്ളതുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക