കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർഥി യു.പ്രതിഭക്ക് എതിരായ ലൈംഗികാധിക്ഷേപം വിവാദമായതിന് പിന്നാലെ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയക്ക് എതിരായ ലൈംഗികാധിക്ഷേപവും ചർച്ചയാകുന്നു.സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതല്‍ രൂക്ഷമായ ലൈംഗികാധിക്ഷേപ കമന്റുകളാണ് തഹിലിയയുടെ പോസ്റ്റുകള്‍ക്ക് താഴെ ഇടത് അനുകൂല സൈബർ പ്രൊഫൈലുകള്‍ നടത്തുന്നത്. ഹരിത വിവാദകാലത്തെ വിഷയങ്ങള്‍ ഉയർത്തിയാണ് അധിക്ഷേപം.

പ്രതിഭക്ക് എതിരെ നടന്നതിനെക്കാള്‍ ഹീനമായ അധിക്ഷേപമാണ് തഹിലിയക്ക് നേരെ നടക്കുന്നതെന്ന് യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറ പറഞ്ഞു. പരസ്യമായി ഓണ്‍ലൈനില്‍ ഛർദിക്കുന്ന അധിക്ഷേപങ്ങള്‍ ഒന്നും കാണാത്തതല്ല. എല്ലാം തെളിവുകളോടെ എടുത്തുവെച്ചിട്ടുണ്ട്. പെണ്ണായാല്‍ തോന്നുന്നത് പറയാമെന്നും, അവളുടെ രാഷ്ട്രീയ, വ്യക്തി സ്വാതന്ത്ര്യത്തെ എപ്പോഴും ചോദ്യമുനയില്‍ നിർത്താമെന്നതുമായ ധാരണ അശ്ലീലമാണ്. തഹിലിയക്കെതിരാവുമ്പോള്‍ അത് കാണാതിരിക്കുന്നതും, ഒന്നുകൂടി കടന്ന് അതിനു നേതൃത്വം നല്‍കുകയും ചെയ്യുന്നവർ, ഒരു ഇടതുപക്ഷ എംഎല്‍എക്ക് എതിരാവുമ്പോള്‍ ക്ഷുഭിതരാവുന്നത് സ്ത്രീയോടുള്ള ബഹുമാനമല്ല, അവസരവാദമാണ്. ആ അവസരവാദംകൊണ്ട് സ്ത്രീകള്‍ക്കെതിരായ അതിക്രമം അവസാനിക്കില്ല, ആത്മാർഥതയില്ലാത്ത ഐക്യദാർഢ്യം കൊണ്ട് പ്രബുദ്ധ സ്ത്രീകളെ പറ്റിക്കരുതെന്നും നജ്മ ഫേസ്ബുക്കില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസമാണ് യു.പ്രതിഭക്ക് എതിരെ കായംകുളത്തെ മുസ്‌ലിം ലീഗ് നേതാവ് എ.ഇർഷാദ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. അതിന് പിന്നാലെ ഇർഷാദിനെ ലീഗിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. സംസ്ഥാന നേതൃത്വമാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കായംകുളം മണ്ഡലത്തിലെ യുഡിഎഫ് കണ്‍വീനറായിരുന്നു ഇർഷാദ്.

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപത്തില്‍ ഇടതുപക്ഷത്തിന് ഇരട്ടത്താപ്പാണെന്ന് ആരോപിച്ച്‌ കായംകുളത്തെ മുൻ യുഡിഎഫ് സ്ഥാനാർഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അരിത ബാബുവും രംഗത്തെത്തിയിരുന്നു. തനിക്കെതിരായ സൈബർ അധിക്ഷേപത്തില്‍ നേരിട്ട് പരാതി നല്‍കിയിട്ടും മൗനം പാലിച്ച മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സ്ത്രീത്വത്തെ കുറിച്ച്‌ വാചാലനാകുന്നതെന്ന് അരിത പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പശുക്കളെ വളർത്തിയും പാല്‍ വിറ്റും ഉപജീവനം നടത്തുന്ന തന്റെ തൊഴിലിനെ പരിഹസിച്ചും അശ്ലീലച്ചുവയുള്ള കമന്റുകളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചും സൈബർ വെട്ടുകിളികള്‍ വേട്ടയാടിയപ്പോള്‍ ഇന്നത്തെ സ്ത്രീപക്ഷ സംരക്ഷകർ എവിടെയായിരുന്നുവെന്നും അവർ ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക