തനിക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി യു.പ്രതിഭ. വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞായിരുന്നു യു. പ്രതിഭയുടെ പ്രതികരണം.
ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ് ലീഗ് നേതാവ് പറഞ്ഞതെന്ന് പ്രതിഭ പറഞ്ഞു. ആ വാക്കുകള്‍ ഞെട്ടല്‍ ഉണ്ടാക്കി. തൻ്റെ ശരീരഭാഷ പോലും മോശമാക്കിയാണ് പറഞ്ഞത്. ഡിസിസി പ്രസിഡന്റ് അടക്കം അത് കേട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പോലും സ്ത്രീകളോട് ഇത്തരത്തിലാണ് സമീപനം. സ്ത്രീകളെ മൊത്തത്തില്‍ അപമാനിക്കുന്ന പരാമർശമാണ് യുഡിഎഫ് നേതാവിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു സ്ത്രീയുടെ ശരീരമോ മുഖമോ അല്ല തെരഞ്ഞെടുപ്പില്‍ ചർച്ച ചെയ്യേണ്ടത്. പൊലീസിനും ജില്ലാ കളക്ടർക്കും ഇലക്ഷൻ കമ്മീഷനും പരാതി നല്‍കുമെന്നും പ്രതിഭ പറഞ്ഞു. പരാമർശം വലിയ വേദനയുണ്ടാക്കിയതായും കുറ്റം ചെയ്തിട്ട് ഖേദം പ്രകടിപ്പിച്ചാല്‍ അംഗീകരിക്കില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.
വിവാദമായതോടെ എ. ഇർഷാദ് സംഭവത്തില്‍ ഖേദപ്രകടനം നടത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇർഷാദ് പ്രതികരിച്ചു. പരാമർശത്തില്‍ നിർവ്യാജം ഖേദിക്കുന്നു. പ്രസംഗം പൂർണമായി കേള്‍ക്കണമെന്നും ഒരു ഭാഗം മാത്രം അടർത്തിമാറ്റി പ്രചരിപ്പിച്ചതായും ഇർഷാദ് വിശദീകരിച്ചു.













