രാജ്യത്തെ മുള്‍മുനയില്‍ നിർത്തിയ വ്യാജ ബോംബ് ഭീഷണികളില്‍ 47 കാരൻ അറസ്റ്റില്‍. മൈസൂരു സ്വദേശി ശ്രീനിവാസ് ലൂയിസാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ആഴ്ചകളില്‍ ആയിരത്തിലധികം ബോംബ് ഭീഷണി സന്ദേശങ്ങള്‍ വിവിധ ഇമെയിലുകള്‍ വഴി അയച്ചതായി ഇയാള്‍ സമ്മതിച്ചു.
ഡല്‍ഹി പോലീസും ലോക്കല്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ മൈസൂരുവിലെ വാടക വീട്ടില്‍ നിന്നാണ് ലൂയിസിനെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. ബിരുദാനന്തര ബിരുദധാരിയാണ് ലൂയിസ് എന്ന് പൊലീസ് പറഞ്ഞു. തൊഴില്‍ രഹിതനായ ഇയാള്‍ സർക്കാർ സർവീസില്‍ നിന്നും വിരമിച്ച അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.
ഇന്ത്യയിലൂടനീളം 1,100 ലധികം ഭീഷണി സന്ദേശങ്ങളാണ് പ്രതി അയച്ചതെന്ന് ഡല്‍ഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഡല്‍ഹി ഹൈക്കോടതി, നിയമസഭ, ദേശീയ തലസ്ഥാനത്തെ നിരവധി വിദ്യാഭ്യാസ, സർക്കാർ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലേക്കും ഇമെയില്‍ ഭീഷണി എത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി എഫ്‌ഐആറുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ ഉടൻ ഡല്‍ഹിയിലേക്ക് കൊണ്ടുവരും.

















