രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ വിവിധ ഏജൻസികളുടെ നേതൃത്വത്തില്‍ വ്യാപകമായ നടപടി ആരംഭിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.ജനുവരി മുതല്‍ ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 9,400 അക്കൗണ്ടുകള്‍ വാട്സ്‌ആപ്പ് നീക്കം ചെയ്തതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന് വേണ്ടി അറ്റോർണി ജനറല്‍ ആർ വെങ്കട്ടരമണി സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈൻ തട്ടിപ്പുകള്‍ സംബന്ധിച്ച് ഫെബ്രുവരി ഒമ്പതിന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. തുടർന്നാണ് വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ടെലികോം വകുപ്പ് എന്നിവരമായി സഹകരിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
തട്ടിപ്പ് ശൃംഖലകളെ കണ്ടെത്തി നീക്കം ചെയ്യാനുള്ള സംവിധാനങ്ങള്‍ ശക്തമാക്കിയതിന്റെ ഭാഗമായി 9,400 അക്കൗണ്ടുകള്‍ പൂട്ടി. പൊലീസ്/സർക്കാർ ലോഗോകള്‍ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്താനും നീക്കം ചെയ്യാനും പുതിയ സംവിധാനങ്ങള്‍ ഏർപ്പെടുത്തി. പുതുതായി സൃഷ്ടിച്ച അക്കൗണ്ടുകളില്‍ നിന്നുള്ള കോളുകള്‍ക്കായി മുന്നറിയിപ്പുകളും അപരിചിത കോളർമാരുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മറയ്ക്കുന്ന സംവിധാനങ്ങളും നടപ്പിലാക്കാൻ പദ്ധതിയുണ്ട്.
വ്യാജ സിം കാർഡുകള്‍ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ടെലികോം സേവനദാതാക്കളും അധികൃതരും ചേർന്ന് സംശയാസ്പദമായ സിം കാർഡുകള്‍ കണ്ടെത്തിയാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്യാൻ തീരുമാനിച്ചു.

















